UDF

2016, മേയ് 16, തിങ്കളാഴ്‌ച

ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകള്‍


മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന കുപ്രചരണം നടത്തുന്ന ഇടതുപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കേസുകളെക്കുറിച്ച് മിണ്ടാട്ടമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുള്ളത്. ഇത് വെറുതെ പറയുന്നതല്ല. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ കണക്കുള്ളത്. കണക്കുകള്‍ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മൊത്തം 943 കേസുകളാണുള്ളതെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും 152 എണ്ണം ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുമാണ്. 106 കേസുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഏറ്റവും കുടുതല്‍ കേസുകളിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ 617 കേസുകളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 79 കേസുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ആറു കേസുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം വി.എസിനെതിരേ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്ന പ്രക്ഷോഭസമരവുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒരൊറ്റ കേസുമില്ല.

പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണു ലാവ്‌ലിന്‍ കേസുള്ളത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എട്ടു കേസുകളും പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ ഓരോ കേസും അദ്ദേഹത്തിനെതിരെ ഉണ്ട്.

ഏറ്റവുമധികം കേസുകളുള്ളത് സിപിഎമ്മിലെ നവാഗതനും അഴീക്കോട് സ്ഥാനാര്‍ത്ഥിയുമായ നികേഷ് കുമാറിനെതിരേയാണ്-57 കേസുകള്‍. കഴക്കൂട്ടം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ 45 കേസുമായി രണ്ടാംസ്ഥാനത്തും തലശേരിയിലെ എ.എന്‍. ഷംസീര്‍ 35 കേസുമായി മൂന്നാം സ്ഥാനത്തുമാണ്.

കുറ്റിയാടി-കെ.കെ.ലതിക 32, നേമം-വി.ശിവന്‍കുട്ടി 31, ആലുവ-വി. സലീം 26, പേരാവൂര്‍-ബിനോയ് കുര്യന്‍ 25, കോതമംഗലം-ആന്റണി ജോണ്‍ 24, അരുവിക്കര-എ.എ. റഷീദ്22, മട്ടന്നൂര്‍-ഇ.പി. ജയരാജന്‍ 21, തൃപ്പൂണിത്തുറ-എം.സ്വരാജ് 20 എന്നിവരാണ് കൂടുതല്‍ കേസുള്ള ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍.