UDF

2016, മേയ് 28, ശനിയാഴ്‌ച

പെട്രോള്‍ വില 45 രൂപയാക്കണം


 കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമായിട്ടും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കേന്ദ്രം കാണിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍ വില 45 രൂപയും ഡീസല്‍ വില 40 രൂപയും ആക്കി കുറയ്ക്കണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാവുന്ന സാഹചര്യം കേന്ദ്രം പ്രയോജനപ്പെടുത്തണം.  പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം.

ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളോട് കടുത്ത അവഗണനയാണ് മോദിസര്‍ക്കാര്‍ കാട്ടുന്നത്. വ്യക്തമായ വീക്ഷണമില്ലാതെയാണ് കേന്ദ്രം നീതി ആയോഗിന് രൂപം കൊടുത്തത്. അതിന് ഇപ്പോള്‍ ഒരു ഉപദേശക സമിതിയുടെ സ്ഥാനം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ പുതിയ സര്‍ക്കാരിന് യുഡിഎഫിന്റെ ക്രിയാത്മകമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.