UDF

2016, മേയ് 25, ബുധനാഴ്‌ച

മാർച്ച് 31ന് 1643 കോടി രൂപ മിച്ചം: മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനം


സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ല. റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 2016 മാർച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വർഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനമാണിത്.

സാമ്പത്തിക പ്രതിസന്ധിമൂലം പെൻഷൻ വിതരണവും ശമ്പള വിതരണവും മുടങ്ങിയെന്ന ആരോപണങ്ങൾ ശരിയല്ല. സർക്കാർ ട്രഷറികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുൻകാലങ്ങളിലെ പോലെ സുഗമമാണ്. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, ക്ഷേമപെൻഷൻ വിതരണം, യൂണിവേഴ്സിറ്റി നോൺ പ്ലാൻ ഫണ്ട് വിതരണം എന്നിവ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ആദ്യപാദ വായ്പാ പരിധിയായ 4300 കോടി രൂപയിൽ 1000 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് അനുവദിച്ച വേയ്സ് ആൻഡ് മീൻസ് പരിധിയുടെ പകുതിപോലും സർക്കാരിന് ഈ മാസം വരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂർണമായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശമ്പളവും പെൻഷനും മേയ് മാസം മുതൽ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഓൺലൈൻ
സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോൾ ഉണ്ടായ ചില സാങ്കേതിക തകരാർ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെൻഷനും നൽകുന്നതിൽ കാലതാമസം ഉണ്ടായത്. ഇതു ശ്രദ്ധയിൽപ്പെട്ട ഉടനേ ട്രഷറിയിലും ധനകാര്യ വകുപ്പിലും പ്രത്യേക ഹെൽപ്പ് ഡസ്‌ക് തുടങ്ങുകയും സമയബന്ധിതമായി പരാതികൾ പരിഹരിച്ചു വരുകയും ചെയ്യുന്നു. പരാതികൾ കൃത്യസമയത്തു പരിഹരിക്കുന്നുണ്ടോയെന്നു ധനകാര്യ സെക്രട്ടറി നേരിട്ട് അവലോകനം നടത്തുന്നുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ പരിഹരിക്കപ്പെടാതെ വന്നാൽ ധനകാര്യ സെക്രട്ടറിക്കു നേരിട്ട് പരാതി നല്കാവുന്നതാണ്.