UDF

2016, മേയ് 29, ഞായറാഴ്‌ച

ഖജനാവ് കാലിയല്ല; 1009 കോടിയുണ്ട്


 കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയതുപോലെ സംസ്ഥാന ട്രഷറി കാലിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാധ്യത സ്വാഭാവികമായും ഉണ്ടാകും. യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോഴും ഇതായിരുന്നു സ്ഥിതി. ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. യഥാര്‍ത്ഥസ്ഥിതി ജനങ്ങള്‍ക്ക് അറിയാമല്ലോ.

ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കുന്നതിനെ പൊതുവില്‍ സ്വാഗതം ചെയ്യുന്നു. 600 രൂപയുള്ള പെന്‍ഷന്‍ 1000 ആക്കാം. എന്നാല്‍ 1100 ഉം 1500 ഉം ഉള്ള പെന്‍ഷന്‍ കുറക്കരുത്. 75 വയസ്സ് കഴിഞ്ഞവര്‍ക്കാണ് 1500 രൂപ നല്‍കുന്നത്. കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് 1100 രൂപ.

നിയമനനിരോധനം പിന്‍വലിക്കുമെന്ന മന്ത്രിസഭാ പ്രഖ്യാപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്ന് മാത്രമല്ല അടുത്ത ഒരു വര്‍ഷത്തേക്ക് ഉണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിയമനം നല്‍കുകയാണ് ചെയ്തത്. യു.ഡി.എഫ്. സര്‍ക്കാര്‍ റെക്കോര്‍ഡിട്ട് 1.67 ലക്ഷത്തില്‍പ്പരം പേര്‍ക്ക് നിയമനം നല്‍കി. 5000 പേര്‍ക്ക് അഡ്വൈസ് മെമ്മോയും നല്‍കി. ആശ്രിതനിയമനം സാധാരണ നിയമനത്തെ ബാധിക്കാത്തവിധം സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നടത്തി.

പെന്‍ഷന്‍ വിതരണം ബാങ്ക് വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ ഉപഭോക്താവിന്റെ താത്പര്യപ്രകാരം നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. പോസ്റ്റല്‍ വിഭാഗം പെന്‍ഷന്‍ വിതരണം കൃത്യമായി ചെയ്യാഞ്ഞതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കിയത്.

മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്നതിനെ എതിര്‍ക്കുന്നില്ല. ഏറെ തെറ്റിദ്ധാരണകള്‍ക്ക് ഇടയായതാണവ. ആ ഉത്തരവുകള്‍ ഇറങ്ങിയത് എങ്ങനെ ?, ഇറക്കാനുള്ള സാഹചര്യമെന്ത് എന്നൊക്കെ അറിയാമല്ലോ- അദ്ദേഹം പറഞ്ഞു.