UDF

2016, ജനുവരി 29, വെള്ളിയാഴ്‌ച

മദ്യലോബിയുമായി ചേര്‍ന്ന് രാഷ്ട്രീയ ഗൂഢാലോചന.


കോഴിക്കോട്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യമുതലാളിമാരില്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ കൃത്യമായ തെളിവ് സര്‍ക്കാരിന്റെ പക്കലുണ്ട്. സരിതയുടെ ബുധനാഴ്ചത്തെ മൊഴിക്ക് പിന്നിലും മദ്യലോബിയുമായി ചേര്‍ന്നുള്ള രാഷ് ട്രീയ ഗൂഢാലോചനയാണുള്ളത്. മദ്യലോബിക്കെതിരായ തീരുമാനമാണ് ഇതിനെല്ലാം പിന്നില്‍. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ധീരമായ തീരുമാനം മാറ്റാന്‍ അവര്‍ പല മാര്‍ഗം നോക്കി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. കോടതിയില്‍ പരാജയപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് അട്ടിമറി നീക്കങ്ങള്‍.

ബാര്‍ ഉടമകളില്‍ ഒരുവിഭാഗം മാത്രമാണ് ഇതിന് പിന്നില്‍. അതിന്റെ കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. എല്ലാ വിവരങ്ങളും അറിയാം. സര്‍ക്കാരിനെ ഇതുവരെ അട്ടിമറിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയാമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. ബിജുരാധാകൃഷ്ണന്റെ മൊഴി കേട്ട് അതിന്റെ പിന്നാലെ പോയി നാണംകെട്ടു. 2014 ലില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപ സി.പി.എം ഓഫര്‍ ചെയ്തുവെന്ന് സരിത പറഞ്ഞു. ഇത് ഇന്ത്യ ടുഡേയുടെ കവര്‍‌ സ്റ്റോറിയായിരുന്നു. അന്ന് ഞങ്ങളാരും അത് ഏറ്റെടുത്തില്ല.

സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സരിത ഇപ്പോൾ പറഞ്ഞത്. അറസ്റ്റിലായപ്പോള്‍ അവര്‍ കൊടുത്ത മൊഴിയുണ്ട്. കോടതികളില്‍ മൊഴികൊടുത്തു. കമ്മീഷനില്‍ ഇതിന് മുമ്പ് ഹാജരായപ്പോഴും പറയാത്തതാണ് ഇന്നലെ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് കമ്മീഷനില്‍ ഹാജരായപ്പോള്‍ മുഖ്യമന്ത്രി പിതാവിന് തുല്യനാണെന്നാണ് പറഞ്ഞത്. ഈ രണ്ടാഴ്ചയ്ക്കിടയില്‍ എന്താണ് സംഭവിച്ചത്. താന്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോള്‍ സരിതയുടെ അഭിഭാഷകനുണ്ടായിരുന്നു. അദ്ദേഹവും ഒന്നും ചോദിച്ചില്ല. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പി.സി ജോര്‍ജുണ്ടോ എന്ന ചോദ്യത്തിന് ചിലര്‍ ഇപ്പോഴും ഇത്തരത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനും അപ്പുറത്തുള്ളത് നടത്താനുള്ള നീക്കത്തിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.