UDF

2015, മാർച്ച് 16, തിങ്കളാഴ്‌ച

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാര്

 
നിയമസഭയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 എന്നാല്‍ പ്രതിപക്ഷത്തിന്‍റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാനാകില്ല. വനിതാ എം.എല്‍.എ മാര്‍ക്കെതിരെയുണ്ടായ അക്രമം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം ആറന്മുളയില്‍ പറഞ്ഞു.

 ബജറ്റ് അവതരണവേളയിലെ അക്രമസംഭവങ്ങളുടെ പ്രതിക്കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളിയാഴ്ച ഒരുകുറ്റവും പറയാതിരുന്നവര്‍ ഇന്നലെ പുതിയ ആരോപണവുമായി വന്നതിന്റെ ലക്ഷ്യം വേറെയാണ്. 

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പ്രസംഗം ആ സ്ഥാനത്തിനു ചേര്‍ന്നതല്ല. അഞ്ചുപേര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. അവരോടു പുറത്തുപോകാന്‍ മൂന്നുതവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു പുറത്താക്കാതിരുന്നത് കഴിഞ്ഞദിവസത്തെപ്പോലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. വെള്ളിയാഴ്ച സഭയ്ക്കുള്ളില്‍  അക്രമംനടത്തിയ പ്രതിപക്ഷം പിറ്റേന്ന് ഹര്‍ത്താല്‍ നടത്താനാണു ശ്രമിച്ചത്. ജനങ്ങളെ മറന്നുകൊണ്ടുള്ള അവരുടെ പ്രവൃത്തികള്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.