UDF

2015, മാർച്ച് 2, തിങ്കളാഴ്‌ച

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്


ജപ്പാന്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) സഹായത്തോടെ നടപ്പാക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെയും പരിസരത്തെ 16 പഞ്ചായത്തുകളിലെയും താമസക്കാരായ 21 ലക്ഷം പേര്‍ക്ക് ദിവസം 17.4 കോടി ലിറ്റര്‍ കുടിവെള്ളം നല്‍കുന്ന പദ്ധതിയാണിത്.

സംസ്ഥാനം ഇതുവരെ അനുഭവിക്കാത്ത കടുത്ത വരള്‍ച്ചയെയാണ് നേരിടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കാന്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സജ്ജമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാതല നടപടികളാണ് സ്വീകരിക്കുന്നത്. ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് പ്രാദേശിക കര്‍മപദ്ധതികള്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഫറോക്ക്, മാവൂര്‍, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ പ്രദേശങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാവൂര്‍ പഞ്ചായത്തിന് 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് നല്‍കുക. പെരുവണ്ണാമൂഴിയുടെ അയല്‍പ്രദേശങ്ങളായ ചങ്ങരോത്തിനും ചക്കിട്ടപാറയ്ക്കും പുതിയ പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം കുടിവെള്ളം നല്‍കും.

2036 വരെയുള്ള ജല ആവശ്യകത കണക്കിലെടുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 3.6 കോടി ലിറ്റര്‍ വെള്ളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.