UDF

2015, മാർച്ച് 8, ഞായറാഴ്‌ച

ഡി.ജി.പിയിൽ പൂര്‍ണ വിശ്വാസം



സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തെളിവായി മാധ്യമങ്ങള്‍ക്ക് നല്‍കിയ സി.ഡി.യില്‍ ഡി.ജി.പി.ക്കെതിരെ നേരിട്ട് തെളിവില്ലെന്ന് മുഖ്യമന്ത്രി. ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യനില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഡി.ജി.പി.ക്കെതിരായ യാതൊന്നും പി.സി. ജോര്‍ജ് നല്‍കിയിട്ടുളള സി.ഡി.യില്‍ ഇല്ല. അത് വളരെ വ്യക്തവും പരിശോധിച്ച് ബോധ്യപ്പെട്ടതുമാണ്. ആഭ്യന്തരമന്ത്രിയും ഇത് പറഞ്ഞിട്ടുണ്ട്. ഡി.ജി.പി.യില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ട് ''. അദ്ദേഹം വളരെ നല്ല പ്രവര്‍ത്തനമാണ് ഡി.ജി.പി. സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഘോഷിക്കാന്‍ മാധ്യമങ്ങളുള്ളപ്പോള്‍ അത് കൂട്ടു പിടിച്ച് ചിലര്‍ വിവാദങ്ങളുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ്. നടത്തുന്ന സമരം സോളാര്‍ സമരം പോലെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.