UDF

2015, മാർച്ച് 12, വ്യാഴാഴ്‌ച

സര്‍ക്കാരിന്റെ ഭാഗമെങ്കില്‍ വിമര്‍ശനം വേണ്ട

 

യുഡിഎഫിനും സര്‍ക്കാരിനും നിരന്തരം തലവേദന സൃഷ്ടിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  മുന്നറിയിപ്പ്. സര്‍ക്കാരിന്റെ അഭിപ്രായത്തോട് ആര്‍ക്കു വേണമെങ്കിലും വിയോജിക്കാമെങ്കിലും സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതു സാധ്യമല്ലെന്നു ജോര്‍ജിനോടായി മുഖ്യമന്ത്രി വ്യക്തമാക്കി. 

ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ്‌നിഷാമിനെ സഹായിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ജോര്‍ജിന്റെ ആരോപണം പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തുകയും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തതോടെയാണു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. ഡിജിപിയില്‍ ഈ സര്‍ക്കാരിനു പൂര്‍ണവിശ്വാസമുണ്ട്. 

ആഭ്യന്തരമന്ത്രി അക്കാര്യം ഇവിടെ പറഞ്ഞുകഴിഞ്ഞു. അതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതിനോടു വിയോജിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി പറഞ്ഞു.    

എന്നാല്‍ ഡിജിപിക്കെതിരെയുള്ള ജോര്‍ജിന്റെ ആരോപണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നു മന്ത്രി ചെന്നിത്തല വ്യക്തമാക്കി. ഡിജിപി ഈ അന്വേഷണത്തില്‍ അനാവശ്യമായ ഒരു  ഇടപെടലും നടത്തിയിട്ടില്ല. പരിപൂര്‍ണവിശ്വാസമാണ് ഇക്കാര്യത്തിലുള്ളത്. ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും തന്റെ മുന്നിലുണ്ടെന്നും രമേശ് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയും ജോര്‍ജിനെ തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്നു ജോര്‍ജ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കുന്നതെന്ന പ്രതിപക്ഷനിരയുടെ ആരോപണത്തിനു മറുപടിയായാണ് അങ്ങനെ സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.