UDF

2015, മാർച്ച് 24, ചൊവ്വാഴ്ച

സഭ നടത്താന്‍ പ്രതിപക്ഷം സമ്മതിച്ചില്ല, അങ്ങേയറ്റത്തെ പ്രയാസം


 ഒരു വിധത്തിലും നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ ഭരണപക്ഷത്തെ അനുവദിക്കാത്ത സമീപനമാണു പ്രതിപക്ഷം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ ഇതിനു കാരണമെന്നു  തനിക്കറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെയുളള സിപിഎം നീക്കം ലാക്കാക്കി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്നു പറയുന്നതല്ലാതെ ആ ആരോപണം അടിസ്ഥാനമുള്ളതാണെന്നു സ്ഥാപിച്ചെടുക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്നു വിഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്നു പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. സഭ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ പ്രയാസവും വേദനയുമുണ്ട്. പ്രതിപക്ഷത്തിന്റെ നിസഹകരണം മാത്രമാണ് ഇതിനു കാരണം. 

സര്‍ക്കാരിനെതിരെ  പ്രതിപക്ഷത്തിനു പറയാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണു ബജറ്റ് സമ്മേളനം. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല.  എന്നാല്‍ ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കരുതെന്ന ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യം മുന്നോട്ടുവച്ചു നിയമസഭയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു. എന്നിട്ടും അവസാനിപ്പിക്കാതെ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന പ്രശ്‌നം ഉന്നയിച്ചു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. 

ആദ്യം സ്പീക്കര്‍ക്കു പ്രതിപക്ഷനേതാവ് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എംഎല്‍എമാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങള്‍ അവിടെ  കാട്ടിയ തെറ്റായ പ്രവൃത്തിയുടെ  ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിനു പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന ആരോപണം പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കഴിഞ്ഞ തിങ്കളാഴ്ചയും ഇപ്പോഴും പ്രതിപക്ഷത്തോടു പറഞ്ഞുവെങ്കിലും അവര്‍ യോജിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇത്രയും സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തില്‍ ഇത്രയധികം ക്യാമറകള്‍ തുറന്നുവയ്ക്കുകയും ആളുകള്‍ നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍ ദുസൂചനയോടെയുള്ള പെരുമാറ്റം ഒരാളില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്?  ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. 

സ്ത്രീകളോട് ആദരവും അവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രാധാന്യം ഉള്‍ക്കൊള്ളുന്നുമുണ്ട്.  പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ പരാതി പൊലീസിനു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല.   ബജറ്റ് അവതിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്, എങ്കില്‍ അതേ ഗവര്‍ണര്‍ തന്നെയാണ് ബജറ്റ് അവതരണം നിയമാനുസൃതമായി വിലയിരുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അംഗീകരിക്കാതെയാണ് സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത്.