UDF

2015, മാർച്ച് 16, തിങ്കളാഴ്‌ച

റാണി, ചിത്തിര കായലുകളെ സംസ്ഥാനത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കും

കുട്ടനാട്ടിലെ ചിത്തിരക്കായല്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും വിജയിച്ചു; ചിത്തിരക്കായലില്‍ നൂറുമേനി വിളവ്. കര്‍ഷകജനതയുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്തിരപ്പള്ളിക്കു സമീപം കായല്‍നിലത്തിറങ്ങി മുഖ്യമന്ത്രി പൊന്‍കതിരുകള്‍ കൊയ്‌തെടുത്തു. രണ്ടു പതിറ്റാണ്ടിലേറെ തരിശായിക്കിടന്ന ചിത്തിരക്കായലില്‍ നെല്‍കൃഷി പുനരാരംഭിച്ച ശേഷമുള്ള ആദ്യത്തെ വിളവെടുപ്പാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

വലിയ സംതൃപ്തി നല്‍കുന്ന അഭിമാന മുഹൂര്‍ത്തമെന്നു വിളവെടുപ്പിനുശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ കൂട്ടായ്മയുടെ വിജയമാണിത്-കുട്ടനാട്ടില്‍ കൃഷിക്കു തുടക്കമിട്ട മുരിക്കനെ അനുസ്മരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിവരില്ല. കലക്ടര്‍ കര്‍ഷകമിത്രവും ജനകീയനുമായി മാറി. 

ചിത്തിരക്കായിലിലെ 325 ഹെക്ടറില്‍ 100 ഹെക്ടറിലാണ് ഇവണ കൃഷിയിറക്കിയത്. ഈ വര്‍ഷം തന്നെ ബാക്കി സ്ഥലത്തും തൊട്ടടുത്തുള്ള റാണി കായലിലും കൃഷി ചെയ്യണം. രണ്ടു കായലുകളെയും കേരളത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കുകയാണു ലക്ഷ്യം. നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉടനെ വില ലഭിക്കാന്‍ മാത്രമായി 300 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതു നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നല്ലതുപോലെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ തെളിവാണ്. നെല്ലിന്റെ സംഭരണവില കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീരയുടെ വരവോടെ നാളികേര മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിത്തിരക്കായല്‍ മാതൃകയില്‍ ജില്ലയില്‍ തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ചിത്തിരക്കായലില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച കര്‍ഷക പ്രമുഖന്‍ ജോസ് ജോണ്‍ വെങ്ങാന്തറയെയും നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി. മോഹന്‍ദാസിനെയും തോമസ് ചാണ്ടി എംഎല്‍എ ആദരിച്ചു.