UDF

2015, മാർച്ച് 25, ബുധനാഴ്‌ച

ഒരിഞ്ച് സര്‍ക്കാര്‍ഭൂമി പോലും വില്‍ക്കില്ല


 വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരിഞ്ച് ഭൂമിപോലും സര്‍ക്കാര്‍ വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സം ഭൂമിയുടെ ലഭ്യതക്കുറവും അമിതവിലയുമാണ്. സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളുടെ വരുമാനവര്‍ദ്ധന ലക്ഷ്യമിട്ട് പാര്‍ട്‌നര്‍ കേരള മിഷനും നഗരസഭകളും നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ തനത് മാതൃകയിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പണമില്ല. ധനകാര്യ വകുപ്പില്‍നിന്ന് പണം കിട്ടാനുള്ള പ്രയാസം നമുക്കറിയാം. ഈ സാഹചര്യത്തിലാണ് 1700 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നത്. 

ശമ്പളവും പെന്‍ഷനും പലിശയുമാണ് സര്‍ക്കാര്‍ വഹിക്കേണ്ട പ്രധാന ചെലവുകള്‍. ആവശ്യങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. പഞ്ചായത്തുകളില്‍പ്പോലും അറവുശാലകള്‍ വേണ്ട സാഹചര്യമാണ്. മാടുകളെ ഏറ്റവും പ്രാകൃതമായ രീതിയിലാണ് കൊല്ലുന്നത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഇടയ്ക്കിടെ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് പറയാറുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. പുതിയ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പി.പി.പി. മോഡല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.