UDF

2015, മാർച്ച് 22, ഞായറാഴ്‌ച

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും


പീച്ചി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി നാടിന്റെ അഭിമാനപദ്ധതിയാക്കി മാറ്റുമെന്നും ഇതിനുവേണ്ട സാമ്പത്തികസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള വന ഗവേഷണ സ്ഥാപനത്തില്‍ നടന്ന ഗ്രാമീണ ഗവേഷകസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനഗവേഷണ സ്ഥാപനത്തിലെ 31 ഒഴിവുകളിലേക്കുള്ള നിയമനത്തിന് നടപടി സ്വീകരിക്കും. ഗ്രാമീണ ഗവേഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സാങ്കേതിക വിജ്ഞാനം നല്‍കാനും ഗ്രാമീണ ഗവേഷക സംഗമം പോലെയുള്ള വേദികള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിജ്ഞാന വ്യാപനം ലക്ഷ്യമിട്ട് 'സ്റ്റെപ്'( സ്റ്റാര്‍ട്ട് അപ് ഓഫ് ടെക്‌നോ-ഇന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) എന്ന പുതിയ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംരംഭകത്വം വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നോണ്‍ ഐ.ടി. മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സംരംഭകത്വ വികസനമാണ് 'സ്റ്റെപ്പിലൂടെ വിഭാവന ചെയ്യുന്നത്. ഇതിനായി ഗവേഷണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. ഗ്രാമീണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് റൂറല്‍ ടെക്‌നോളജി പാര്‍ക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവേഷക സംഗമത്തിലെ മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.