UDF

2015, മാർച്ച് 14, ശനിയാഴ്‌ച

പ്രതിപക്ഷം സംഹാരതാണ്ഡവമാടി


 നിയമസഭയില്‍ പ്രതിപക്ഷം സംഹാരതാണ്ഡവമാടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ അഗാധമായ ദുഃഖമുണ്ട്. ഡയസിനുള്ളില്‍ കയറി സ്​പീക്കറെ തടയുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സഭയ്ക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിക്കേണ്ടെന്ന സ്​പീക്കറുടെ സമീപനം പ്രതിപക്ഷം മുതലെടുക്കുകയായിരുെന്നന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

അതീവ ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച എം.എല്‍.എ.മാര്‍ക്കാണ് പരിക്കേറ്റത്. മന്ത്രി മാണിയെ തടയുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം സ്​പീക്കറെ തടയുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ ധനമന്ത്രിയുള്ളപ്പോള്‍ മറ്റൊരാളെ നിയോഗിക്കേണ്ട കാര്യമില്ല. 

സഭാനടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് സഭാനടപടികളോട് സഹകരിക്കണമെന്ന് സ്​പീക്കര്‍ പ്രതിപക്ഷനേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രി മാണിയുടെ ഇരിപ്പിടം മാറ്റാന്‍ താന്‍ സ്​പീക്കര്‍ക്ക് കത്ത് നല്കിയത്. മന്ത്രിമാരുടെ സീറ്റ് നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നതിനാലാണ് താന്‍ നിയമസഭയില്‍ നല്കുന്ന വെള്ളക്കടലാസില്‍ കത്ത് നല്കിയത്. 

ഇക്കാര്യത്തില്‍ തെറ്റുചെയ്തത് ആരെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ഭരണകക്ഷി എം.എല്‍.എ.മാര്‍ ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. അവര്‍ ആത്മസംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.