UDF

2015, മാർച്ച് 12, വ്യാഴാഴ്‌ച

റവന്യു റിക്കവറി സ്‌റ്റേ: പ്രതിപക്ഷം മാണിയെ ക്രൂശിക്കുകയാണ്


 മന്ത്രിസഭ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചു റവന്യു റിക്കവറിക്കു സ്‌റ്റേ നല്‍കിയ മന്ത്രി കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും നിയമങ്ങള്‍ പാലിക്കാതെ റിക്കവറി സ്‌റ്റേ ചെയ്ത തന്നെ വെറുതെ വിടുകയുമാണു പ്രതിപക്ഷമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജിന്റെ 173 കോടി രൂപയുടെ റവന്യു റിക്കവറി നടപടി താന്‍ സ്‌റ്റേ ചെയ്തത് ഒരു നിയമവും പാലിക്കാതെയാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആശുപത്രി പ്രസിഡന്റ് എം.വി. ജയരാജന്‍ തന്നെ വിളിച്ചു റിക്കവറി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. താന്‍ നിയമം ലംഘിച്ചാണ് ആ സ്‌റ്റേ ഉത്തരവിട്ടത്. ശരിയായ കാര്യത്തിനു ചിലപ്പോള്‍ അറിഞ്ഞുകൊണ്ടു നിയമം ലംഘിക്കേണ്ടിവരുമെന്നും നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും പുറത്തു ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും. എന്നാല്‍, അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ ആര് ചൂണ്ടിക്കാട്ടിയാലും താന്‍ തിരുത്തും. കെ.എം. മാണിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. അദ്ദേഹത്തിനു ഡോ. സ്റ്റീഫന്‍ എന്നൊരു മരുമകന്‍ ഉള്ളതായി തനിക്ക് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍  അനുവദിക്കില്ലെന്ന നിലപാടില്‍ നിന്നു പ്രതിപക്ഷം പിന്തിരിയണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ സാക്ഷി മൊഴി കൊടുത്ത ആരും മാണിക്കെതിരെ തെളിവു നല്‍കിയിട്ടില്ലെന്നാണു പിന്നീട് അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. മാണിയെ കുറ്റക്കാരനായി കാണാന്‍ കഴിയുന്ന ഒരു മൊഴിയും ഇല്ല. ഏതു പരാതി കിട്ടിയാലും പ്രഥമ വിവര റിപ്പോര്‍ട്ട് ഇടണമെന്നു നിയമം ഉള്ളതിനാലാണു മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്. അതിനര്‍ഥം മാണി തെറ്റ് ചെയ്തു എന്നല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇട്ട എഫ്‌ഐആര്‍ ആണിത്. മാണി കുറ്റം ചെയ്തു എന്ന നിലയില്‍ ഒരു സാഹചര്യവും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ മുന്നിലില്ലെന്നും ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു  തടയേണ്ട സാഹചര്യം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.