UDF

2015, മാർച്ച് 12, വ്യാഴാഴ്‌ച

പ്രിയദര്‍ശിനി മില്ലിന് 38.5 കോടി



 കോട്ടയം പ്രിയദര്‍ശിനി കോഓപ്പറേറ്റിവ് സ്പിന്നിങ് മില്ലിന്റെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 38.49 കോടി രൂപയുടെയും മാള കെ. കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്ലിന് 24.13 കോടി രൂപയുടെയും പദ്ധതികള്‍ക്കു മന്ത്രിസഭ ഭരണാനുമതി നല്‍കി. കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ ലൂം സഹകരണ സംഘത്തിന്റെ  13.65 കോടിയുടെ പദ്ധതിക്കും ഭരണാനുമതി നല്‍കി. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 51 ഏക്കര്‍ സ്ഥലത്തില്‍ ആറ് ഏക്കര്‍ കെപിഎംഎസിന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങാന്‍ സൗജന്യമായി നല്‍കും.

പട്ടികവിഭാഗ സമുദായങ്ങള്‍ക്കു സ്വന്തമായി കോളജ് ഇല്ലാത്തതിനാല്‍ കെപിഎംഎസ്, പിആര്‍ഡിഎസ്, വണ്ടൂരിലെ പട്ടികജാതിക്കാരുടെ സൊസൈറ്റി എന്നിവയ്ക്കായി മൂന്ന് എയ്ഡഡ്  കോളജുകള്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോട്ടയം നാട്ടകം വില്ലേജില്‍ ടെസില്‍ കമ്പനിയുടെ കൈവശമുള്ള 11.25 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു സ്‌പോര്‍ട്‌സ് കോളജ് തുടങ്ങാന്‍ വിട്ടുകൊടുക്കും. പാലക്കാട് താലൂക്കില്‍ റവന്യു വകുപ്പിന്റെ 4.65 ആര്‍ സ്ഥലം എക്‌സൈസ് കോംപ്ലക്‌സിനായി വിട്ടുകൊടുക്കും. ഹരിപ്പാട് പല്ലന കുമാരകോടി പാലത്തിനു 30.2 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കി. മലപ്പുറം നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ വ്യവസായ ഓഫിസുകള്‍ തുടങ്ങും. 

പൂവാര്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോവുകയും ആഫ്രിക്കന്‍ രാജ്യമായ സെയ്‌ഷെല്‍സില്‍ തടവിലായി പിന്നീടു മോചിപ്പിക്കപ്പെടുകയും ചെയ്ത എട്ടു പേര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.