UDF

2014, മേയ് 23, വെള്ളിയാഴ്‌ച

പിള്ളയുടെ ഭീഷണിക്ക് വഴങ്ങില്ല

പിള്ളയുടെ ഭീഷണിക്ക് വഴങ്ങില്ല

തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ എന്താണ് കൈവശമുള്ളതെങ്കില്‍ അത് ആദ്യം ബാലകൃഷ്ണപിള്ള പുറത്തുവിടട്ടെ, അതുകഴിഞ്ഞെ ഇനി മന്ത്രിസഭാ പുന:സംഘടന ആലോചിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗണേഷിനെ മന്ത്രിയാക്കാന്‍ സരിതയുടെ കത്ത് വച്ച് വിലപേശിയ ബാലകൃഷ്ണപിള്ളയുടെ നീക്കം തിരിച്ചടിയാകുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന

'മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ഗണേഷ്‌കുമാറിന്റെ കാര്യമാണ്. ഇനി അത് അങ്ങനെയാകണമെന്നില്ല. ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. പിള്ളയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം. കത്ത് കൈവശമുണ്ടെങ്കില്‍ അത് അദ്ദേഹം പുറത്തുവിടട്ടെ. അതുവരെ പുന:സംഘടനയ്ക്കായി കാത്തിരിക്കാം-ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ല. പാര്‍ട്ടിയിലും മുന്നണിലും ഇനി അത് ചര്‍ച്ചചെയ്യണം. ജൂണ്‍ ഒമ്പതിന് നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി പുന:സംഘടന നടക്കാനുള്ള സാധ്യതയാണ് ഇതോടെ അടയുന്നത്.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേരള കോണ്‍ഗ്രസ് ബിക്ക് മാത്രം മന്ത്രിസ്ഥാനം ഇനിയും നിഷേധിച്ചാല്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്ന ഭീഷണി ബാലകൃഷ്ണപിള്ള പ്രയോഗിച്ചത്. സരിതയുടെ കത്തില്‍ ചില മന്ത്രിമാരുടെയും പാര്‍ലമെന്റിലേക്ക് ജയിച്ചവരുടെയും പേരുകളുണ്ടെന്നും പിള്ള സൂചിപ്പിച്ചു. ഇനി ഏതായാലും പിള്ളയുടെ ബ്ലാക്‌മെയിലിങ്ങിന് വഴങ്ങേണ്ടെന്ന ഉറച്ചനിലപാടിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളും.

മെയ് 31 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഗണേഷ് എം.എല്‍.എ സ്ഥാനവും രാജിവെക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗണേഷിനെതിരായ കേസുകള്‍ അവസാനിച്ചാല്‍ തിരിച്ച് മന്ത്രിസഭയിലെടുക്കാമെന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നുവെന്നും പിള്ള പറയുകയുണ്ടായി.