UDF

2013, ഡിസംബർ 28, ശനിയാഴ്‌ച

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ പ്രദേശം ഒരു നെല്‍പ്പാടമാണെന്നും അവിടെ നികത്തല്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയും ലഭിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതിപ്രദേശം ഒരു തണ്ണീര്‍ത്തടമല്ലെങ്കില്‍പോലും പലതരം സസ്യങ്ങളുടെ സാന്നിധ്യംമൂലം റണ്‍വേ, ഏപ്രണ്‍, ടാക്‌സിവേ മുതലായവയ്ക്ക് ആവശ്യമായ സ്ഥലം മാത്രമേ നികത്താവൂ എന്നും ബാക്കി അതേ അവസ്ഥയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കണമെന്നും അനുമതിയില്‍ പറയുന്നുണ്ട്. നിയമാനുസൃതമായ സമിതി തന്നെയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് അതിനാല്‍ത്തന്നെ യാതൊരു അടിത്തറയുമില്ല.

2011 ഡിസംബര്‍ 16നാണ് വിദഗ്ദ്ധസമിതി അനുകൂല ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാദേശിക അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നിയമലംഘനങ്ങളെപ്പറ്റി സൂചിപ്പിച്ചത്. തണ്ണീര്‍ത്തടം നികത്തിയതിന്റെ പാരിസ്ഥിതിക ആഘാതം വിദഗ്ദ്ധസമിതി പരിഗണിച്ചിട്ടുണ്ടോയെന്നും പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും അറിയില്ലെന്നാണ് അദ്ദേഹം ഫയലില്‍ എഴുതിയത്. വിദഗ്ദ്ധസമിതി നല്‍കിയ അനുമതിയില്‍ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തിയിട്ടില്ലെന്നും പണി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇത് കണക്കിലെടുത്ത്, നേരത്തെ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തുകയും പണി തുടങ്ങുകയും ചെയ്തു എന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഭേദഗതി ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം തേടുകയും ചെയ്തു. ഈ ഭേദഗതി, മറുപടി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാനാണ് നേരത്തെ രേഖപ്പെടുത്തിയ കുറിപ്പിന്റെ ഇടതുവശത്ത് പെന്‍സിലില്‍ ടു ബി അമന്‍റഡ് (ഭേദഗതി ചെയ്യണം) എന്ന് കരട് കത്ത് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. അല്ലാതെ ടു ബി അവോയിഡഡ് (ഒഴിവാക്കണം) എന്നല്ല. അതായത് തിരുത്തല്‍ ഉത്തരവ് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ കുറിപ്പ് പ്രകാരം മറുപടി തയ്യാറാക്കരുത് എന്ന സൂചനയാണ് പെന്‍സിലില്‍ രേഖപ്പെടുത്തിയത്. ഇത് ഒരു തിരുത്തോ നിര്‍ദ്ദേശമോ അല്ല.

ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് നടപടിയുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയിലെല്ലാം സത്യസന്ധവും വസ്തുതാപരവുമായ മറുപടിയാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിലം നികത്താനുള്ള അനുമതി നല്‍കിയതെന്നും പത്രക്കുറിപ്പില്‍ ആവര്‍ത്തിച്ചു.