UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, മാർച്ച് 22, വ്യാഴാഴ്‌ച

അന്ന് ഫോണില്‍ കേട്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം


"പഞ്ചാബിലെ 39 കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു"


ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. 

അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ്  തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. 

ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു  അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ  മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. 

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്‌മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌. 

നഴ്‌സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. 

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി. 

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

2018, മാർച്ച് 21, ബുധനാഴ്‌ച

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്:


കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണം.

പോലീസ് ഈ കൊലപാതകത്തിലും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുകയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആരൊക്കെയാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്നത് തന്നെ ഇതിന് തെളിവാണ്. പോലീസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് അര്‍ഹമാണ്.

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

യുഡിഎഫ് സർക്കാരിനെതിരെയുള്ള അന്വേഷണം എവിടെയെത്തി?


യുഡിഎഫ് ഭരണകാലത്തു എന്റെ  സർക്കാരിനെതിരെ ഉയർന്ന മൂന്ന് ആരോപണങ്ങളെക്കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ അന്വേഷണം എവിടെപ്പോയി?

മെത്രാൻ കായൽ, ഹോപ് പ്ലാന്റേഷൻസ് എന്നൊക്കെ പറഞ്ഞ് അവസാനകാല മന്ത്രിസഭാതീരുമാനങ്ങളെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയത്? ഇതേക്കുറിച്ച് അന്വേഷിക്കാനായി എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചിട്ടെന്തായി? 700 തീരുമാനമാണു മരവിപ്പിച്ചത്.

ഒന്നരവർഷം ആറേഴു മന്ത്രിമാരടങ്ങിയ ഉപസമിതി പരിശോധിച്ചിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വച്ച് അംഗീകരിച്ചുവെങ്കിലും അക്കാര്യം പുറത്തുവിട്ടില്ല. നിയമസഭയിൽ എഴുതിച്ചോദിച്ചപ്പോൾ മാത്രം മറുപടി തന്നു. ഒരെണ്ണത്തിൽപ്പോലും വിജിലൻസ് കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണു വ്യക്തമായത്. ഇതൊന്നും നിങ്ങളാരും അന്വേഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോയില്ലല്ലോ. കാരണം അതിൽ വിവാദമില്ല. ബാർ കോഴക്കേസിന്റെ കാര്യത്തിൽ തങ്ങൾ അന്നു പറഞ്ഞതാണ് ഇപ്പോൾ അതിൽ ഉൾപ്പെട്ടയാൾ തന്നെ വെളിപ്പെടുത്തിയത്. സത്യത്തിന്റെ മഹത്വമാണ് ഇതിലൂടെ വ്യക്തമായത്. സിപിഎമ്മിന്റെ രാഷ്ട്രീയോദ്ദേശ്യം പുറത്തായിക്കഴിഞ്ഞു.

കെട്ടിച്ചമച്ച കേസായതുകൊണ്ടാണു യുഡിഎഫ് സർക്കാരിന്റെ കാലത്തെ അന്വേഷണത്തിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയത്. ഇപ്പോൾ ഇനിയും കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നാണു പറയുന്നത്. സോളറിന്റെ കാര്യത്തിൽ മാനഭംഗക്കേസടക്കം ചുമത്താൻ പോകുകയാണെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നിട്ട് എന്തു ചെയ്യാൻ സാധിച്ചു? ആരാണ് അതു തടഞ്ഞത്? പ്രതിപക്ഷം സമരം ചെയ്തോ? നിയമത്തിന്റെ കരങ്ങൾ മുഖ്യമന്ത്രിയുടെ കയ്യിൽ കയറിപ്പിടിച്ചുവെന്നതാണു വസ്തുത.

‘മാണി മടങ്ങിവരും’

കെ.എം.മാണി യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന പൂർണവിശ്വാസമാണ് ഉള്ളതെന്ന് ഉമ്മൻചാണ്ടി. സിപിഐക്ക് അദ്ദേഹത്തെ വേണ്ടായിരിക്കും. ഞങ്ങൾക്കു വേണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളാരും അദ്ദേഹത്തെ പറഞ്ഞുവിട്ടതല്ല. തിരിച്ചുവരാമെന്നു വ്യക്തമാക്കിയതുമാണ്.

2018, ഫെബ്രുവരി 17, ശനിയാഴ്‌ച

ആ 37 വെട്ട് സഹിക്കാവുന്നതിലും അപ്പുറം


  • മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം. 
  • ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍പൊലീസിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്.  

സിനിമാപ്പാട്ടിനെക്കുറിച്ചു വരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ ഒരു ചെറുപ്പക്കാരൻ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടിട്ടു മിണ്ടാത്തതെന്താണ്? ഈ നിശ്ശബ്ദത അദ്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. കൊലയ്ക്കെതിരെ ശബ്ദിക്കാനാവാത്ത, യഥാർഥ പ്രതികളെ പിടിക്കാൻ പൊലീസിന് അനുവാദം കൊടുക്കാത്ത പിണറായിക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ ധാർമികമായി അർഹതയില്ല. മിനിറ്റുകൾക്കകം വിവരം കിട്ടിയിട്ടും തിരച്ചിലിനു പൊലീസ് മണിക്കൂറുകൾ വൈകിയത് എന്തുകൊണ്ടാണ്? ഏറ്റുമുട്ടലിലല്ല ഷുഹൈബ് കൊലപ്പെട്ടത്. നേരത്തേ കൊലവിളി നടന്നിട്ടുമുണ്ട്. അപ്പോൾ സിപിഎം നേതൃത്വത്തിന്റെ അറിവോടെതന്നെയാണ് ഈ കൊല. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.

ഗർഭസ്ഥ ശിശുവിനുപോലും രക്ഷയില്ല. കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിക്കു സിപിഎം പ്രവർത്തകന്റെ ചവിട്ടേറ്റതിനെത്തുടർന്നാണു ഗർഭസ്ഥ ശിശു മരിച്ചത്. ഷുഹൈബ് കേസിൽ യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ അതിശക്തമായ പ്രതികരണം ഉണ്ടാകും. ജനങ്ങളെ അണിനിരത്തി അക്രമരാഷ്ട്രീയത്തെ തുറന്നുകാട്ടും. 

ടിപി കേസിൽ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന നിലപാടെടുത്തിട്ടില്ല. ആ ക്രൂരകൃത്യം ചെയ്തവരെ പിടികൂടിയശേഷം നിയമപരമായ സാഹചര്യം അനുസരിച്ചു നീങ്ങുകയാണു ചെയ്തത്. 

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഓറഞ്ചു പാസ്പോർട്ട്: പരിഷ്കരണ തീരുമാനം പിൻവലിച്ച തീരുമാനം ഉചിതം.
ശക്തമായ പ്രതിഷേധത്തിനൊടുവിൽ പാസ്സ്പോർട്ട് പരിഷ്കരണ തീരുമാനം കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുന്നു. ഈ വിഷയത്തിൽ ആദ്യം പ്രതികരിച്ചത് കോൺഗ്രസ് അധ്യക്ഷൻ ശ്രീ.രാഹുൽ ഗാന്ധിയാണ്. വലിയൊരു വിഭാഗം ജനങ്ങളോട് വിവേചനം കാട്ടുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. നമ്മുടെ സഹോദരങ്ങളോടുള്ള അനീതിയും, വിവേചനവും നിറഞ്ഞ ഈ തീരുമാനം തിരുത്തുവാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണ്.

നമ്മുടെ പ്രവാസി സഹോദരങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ അനീതിക്കെതിരെ തുടക്കം മുതലേ പ്രതിഷേധം ശക്തമാണ്. ഈ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ചും, മറ്റും ഈ നയത്തിന്റെ നീതികേടിനെതിരെ മലയാളത്തിൽ മാതൃഭൂമിയിലും, ഇംഗ്ലീഷിൽ ഹിന്ദുസ്ഥാൻ ടൈയിംസിലും ലേഖനങ്ങൾ എഴുതിയിരുന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രിക്കും, വിദേശകാര്യ മന്ത്രിക്കും കത്തയക്കുകയും ചെയ്‌തിരുന്നു. വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നിന്ന് മികച്ച പിന്തുണയായിരുന്നു ഇതിനൊക്കെ ലഭിച്ചിരുന്നത്.

ഹിന്ദുസ്ഥാൻ ടൈയിംസിൽ വന്ന ലേഖനം ഇതോടൊപ്പം ചേർക്കുന്നു.#OommenChandy 

2018, ജനുവരി 23, ചൊവ്വാഴ്ച

പെരിന്തൽമണ്ണയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ.പെരിന്തൽമണ്ണയിൽ യു.ഡി.എഫ്‌ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ്‌ നടത്തിയ നരനയാട്ടിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ. യു.ഡി.എഫ്‌ ചെയർമ്മാൻ പി.ടി അജയ്‌ മോഹൻ ഡി.സി.സി പ്രസിഡന്റ്‌ പ്രകാശൻ എന്നിവർ സമീപം 

2018, ജനുവരി 15, തിങ്കളാഴ്‌ച

പാസ്പോർട്ട് പരിഷ്ക്കരണം: വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ വിവേചനപരവും, പ്രതിഷേധകരവുമാണ്.പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ് . നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ രണ്ടു നിറത്തിലുള്ള പാസ്സ്പോർട്ടുകൾ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.കൊളോണിയൽ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അർത്ഥത്തിൽ സമ്പത്തിന്റെയും മറ്റും പേരിൽ പുനർജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബർ ക്യാംപിൽ ദുരിത ജീവിതം നയിച്ചും അവർ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് . ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിചേമതിയാകൂ. സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.

2017, ഡിസംബർ 12, ചൊവ്വാഴ്ച

ശ്രീ രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ ..

"ആദ്യം അവർ നിങ്ങളെ കണ്ടില്ലെന്നു നടിക്കും,
പിന്നീട് പരിഹസിച്ചു ഇല്ലാതാക്കാനാവും ശ്രമം,
തുടർന്ന് അവർ നിങ്ങളെ നേർക്കുനേർ എതിരിടും, 
അവിടെ, അവിടെ നിങ്ങൾ വിജയം വരിക്കുന്നു".
-മഹാത്മാ ഗാന്ധി.


ശ്രീ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാകുമ്പോൾ മഹാത്മജിയുടെ ഈ വാക്കുകളാണ് ഓർമ്മ വരുന്നത്. ഈ അസുലഭ നിമിഷത്തിൽ ഞാനുൾപ്പെടെയുള്ള ഓരോ പാർട്ടി പ്രവർത്തകരും അങ്ങേയറ്റം സന്തോഷത്തിലും,പ്രതീക്ഷയിലുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിയുടെയും, ഭാരതത്തിന്റെയും ഭാവി ശോഭനമായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. മാറ്റത്തിനായുള്ള അഭിവാഞ്ജയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

രാഹുൽജിയെ ആദ്യം കാണുന്നത്, ഇന്ദിരാജി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ കുടുംബ സമേതം ലക്ഷദ്വീപിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയിൽ വച്ചായിരുന്നു. അന്ന് രാഹുൽജിയോടൊപ്പം രാജീവ്ജിയും, സോണിയാജിയും, പ്രിയങ്കാജിയും ഉണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ കുട്ടി രാഹുലും പ്രിയങ്കയും അന്നേ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2004-ൽ രാഹുൽജി സജീവ രാഷ്ട്രീയത്തിലേക്ക് വന്നതിനു ശേഷമാണ് കേരളത്തിലെ ഭരണ കാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ചയായി നിരന്തര ബന്ധമുണ്ടായിരുന്നത്. കേരളത്തിന്റെ കാര്യത്തിൽ എന്നും അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.

അദ്ദേഹത്തിന്റെ വളർച്ചയിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എതിരാളികൾ തന്നെയായിരുന്നു. രാഹുൽജിയുടെ വലിയ ജനസ്വാധീനമായിരുന്നു അവരെ ചൊടിപ്പിച്ചത്. 2009-ലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചതും, ഭരണ തുടർച്ച കൊണ്ടുവന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആസൂത്രിതമായി അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിമർശനങ്ങൾക്കപ്പുറത്ത്‌ അദ്ദേഹത്തിനെ പരിഹസിച്ചും, അധിക്ഷേപിച്ചും ഇല്ലാതാക്കാനായിരുന്നു എതിരാളികളുടെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെയെല്ലാം പക്വതയോടെ നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ ഔന്നിത്യം.

ഡൽഹിയിലെ നിർഭയയുടെ കുടുംബത്തെ രാഹുൽജി സംരക്ഷിച്ചതും, സഹോദരനെ പഠിപ്പിച്ചു പൈലറ്റ് ആക്കിയതും നിർഭയയുടെ അമ്മ ഒരു വിദേശ മാധ്യമത്തിന് ആഴ്ചകൾക്ക് മുൻപ് നൽകിയ അഭിമുഖത്തിലൂടെയാണ് നാം അറിയുന്നത്. താൻ ചെയ്യുന്ന നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനോ, പറഞ്ഞു നടക്കാനോ തയ്യാറാകുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ചിലതെല്ലാം കാലത്തിന്റെ അനിവാര്യതയാണ്, അതിനി എതിരാളികൾ എന്ത് തന്നെ ചെയ്താലും അനിവാര്യമായതിനെ കാലം എടുത്തുയർത്തുകയും, ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തുകയും ചെയ്യും. ഗാന്ധിജിയുടെ വാക്കുകൾ ഒരിക്കൽ കൂടി ഓർക്കുന്നു, രാഹുൽജിയുടെ നേതൃത്വത്തിന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു.

നന്മ പുലരട്ടെ, സത്യം ജയിക്കട്ടെ...
ജയ് ഹിന്ദ്.

2017, ഡിസംബർ 5, ചൊവ്വാഴ്ച

ഇനി വിമര്‍ശിക്കാതെ വയ്യ

ഓഖി ദുരന്തമേഖലയിൽ വീണ്ടും എത്തിയപ്പോൾ

കഴിഞ്ഞ തവണ ഓഖി ദുരന്ത മേഖലയിൽ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ല. അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 

ഒാഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ് എങ്കിലും കാണിക്കണം.

2017, നവംബർ 9, വ്യാഴാഴ്‌ച

സോളര്‍: ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും.


സോളര്‍ കേസിലെ ആക്ഷേപങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും. റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആശങ്കയില്ല.  ആരാണ് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതെന്ന് കണ്ടറിയാം.