UDF

2018, മാർച്ച് 21, ബുധനാഴ്‌ച

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്:


കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണം.

പോലീസ് ഈ കൊലപാതകത്തിലും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുകയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആരൊക്കെയാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്നത് തന്നെ ഇതിന് തെളിവാണ്. പോലീസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് അര്‍ഹമാണ്.