UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

സംസ്ഥാനത്ത് നിയമന നിരോധമില്ല



സംസ്ഥാനത്ത് നിയമന നിരോധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജി.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു തസ്തികപോലും ഒഴിഞ്ഞുകിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. കാലാവധി കഴിയുന്ന പി.എസ്.സി. ലിസ്റ്റിനു പകരും ലിസ്റ്റില്ലെങ്കില്‍ ലിസ്റ്റിനു കാലാവധി നീട്ടികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ നാലു കൊല്ലം തികയ്ക്കുന്ന വേളയില്‍ 121000 ജീവനക്കാരെയും അധ്യാപകരെയും പി.എസ്.സി. വഴി നിയമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളെക്കാള്‍ 21,000 അധികമാണിത്. ജീവനക്കാരുടെ ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് ഉന്നയിക്കുന്ന നിയമന നിരോധനം പൊള്ളയായ രാഷ്ട്രീയ മുദ്രവാക്യം മാത്രമാണ്. 

റിസോഴ്‌സ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥ: അപാകം പരിഹരിക്കും


 റിസോഴ്‌സ് അധ്യാപകരുടെ സേവനം എല്ലാ സ്‌കൂളുകളിലേക്കുമെത്തിക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകളിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജില്‍ അപാകമുണ്ടെങ്കില്‍ അത് പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികളുള്ള ചിലര്‍ കോടതിയില്‍ പോവുകയായിരുന്നു. ഇവരുമായി തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സാമുദായിക സന്തുലനം സര്‍ക്കാര്‍ ലക്ഷ്യം



 പിന്നാക്കസമുദായങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള സാമൂഹിക സന്തുലനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വണികവൈശ്യസംഘത്തിന് സര്‍ക്കാരിന്റെ ഔദാര്യമല്ല വേണ്ടതെന്നും ലഭിക്കേണ്ട അവകാശങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള വണികവൈശ്യസംഘം 72-ാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിന്റെയും ആവശ്യങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കും


പാലക്കാട്: അടുത്ത സാമ്പത്തികവര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യകമ്മീഷന്‍ രണ്ടുശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശചെയ്തിരുന്നത്. നാമമാത്രമായ വര്‍ധന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാരാളം സാമൂഹികസേവന പദ്ധതികളുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ല. അവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം െമച്ചപ്പെടുത്താന്‍ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും 990 ക്ലര്‍ക്കുമാരുടെയുമടക്കം 1,800 അധികതസ്തികകള്‍ അനുവദിച്ചു. ഗ്രാമസഭകള്‍കൂടി വേണ്ടത്ര സജീവമായാലേ പഞ്ചായത്തീരാജ് നിയമംകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ കൈവരിക്കാനാവൂ. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായി. ചലനശേഷി കുറവായവര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. ഫണ്ടുകള്‍കൂടി ഇതിന് വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

'ജനശ്രീ'യുടെ സ്ത്രീശാക്തികരണത്തിന് സര്‍ക്കാര്‍സഹായം ഉറപ്പാക്കും


കണ്ണൂര്‍: സ്വയംതൊഴിലവസരമുണ്ടാക്കിയും സമൂഹികമാറ്റത്തിനുള്ള സഹായങ്ങള്‍ കൂട്ടായി ഏറ്റെടുത്തും 'ജനശ്രീ' നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനശ്രീയുടെ ഒമ്പതാം വാര്‍ഷികാഷോഘം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണത്തിന് ലോകത്തില്‍ത്തന്നെ കേരളം പേരെടുത്തതാണ്. കുടുംബശ്രീ ഒരു സര്‍ക്കാര്‍ സംവിധാനമാണ്. അതിനുപിന്നാലെ 'ജനശ്രീ'യുണ്ടാക്കിയ മാതൃകാപരമായ മുന്നേറ്റം അഭിനന്ദനാര്‍ഹമാണ്. സേവന-വികസന രംഗത്ത് കുടുംബ കൂട്ടായ്മയ്ക്ക് ഇടപെടാനാകുമെന്ന് 'ജനശ്രീ' തെളിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രതിഭകളെ ചടങ്ങിൽ  ആദരിച്ചു. കഥാകൃത്ത് ടി.പത്മനാഭന്‍, വ്യവസായി സി.കെ. മേനോന്‍, ചലച്ചിത്ര പിന്നണിഗായിക സയനോര ഫിലിപ്പ്, കാര്‍ഷിക മേഖലയ്ക്ക് പുതിയ ജൈവവളം നല്കിയ പി.അബ്ദുള്‍കരീം, ഹെഡ്ജി ഇക്യുറ്റി സി.ഇ.ഒ. എന്‍.ഭുവനചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഹൊസൂര്‍ തീവണ്ടി അപകടം: നടപടികള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: െബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞയുടന്‍ ദുരന്തത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കി.

തലസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചു. റെയില്‍വേ ഡിവിഷണല്‍ മേധാവി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടസ്ഥലത്തെത്തിയ കര്‍ണാടക അധികൃതരുമായും അദ്ദേഹം ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു.

അപകടത്തില്‍പ്പെട്ട മലയാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും സ്ഥലത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുമായിരുന്നു ശ്രമം. ഇതിനായി റവന്യൂ- പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരില്‍ എത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. 

മലപ്പുറം ജില്ലാ കലക്ടറോടും എറണാകുളം റേഞ്ച് ഐ.ജി.യോടും സംഭവ സ്ഥലത്ത് നേരിട്ടു പോയി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കര്‍ണാടക ആഭ്യന്തരമന്ത്രിയുമായി പല തവണ ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ച ഉടനെയാണ് അപകടം നടന്ന സ്ഥലത്തുപോയി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ചുമതലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രികളും സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി. 

അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്‍ട്രോള്‍ റൂം അടിയന്തരമായി തുറന്നു. നോര്‍ക്കയും കണ്‍ട്രോള്‍ റൂം തുറന്നു. നോര്‍ക്കയുടെ െബംഗളൂരുവിലെ ഓഫീസര്‍ ട്രീസ തോമസിനോട് അപകട സ്ഥലത്ത് എത്തി പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. 

പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹൊസൂരിലേക്ക് അയ്ക്കാനും ഇതിനിടെ തീരുമാനിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരിലെ ആശുപത്രികളില്‍ എത്തുന്നതിന് ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 

ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി



 ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. റണ്‍ കരള റണ്‍ ദേശീയ ഗെയിംസിന് നല്‍കിയത് വന്‍ ആവേശമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഒളിംപിക് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണ് ജോലി ലഭിക്കുക. ഒളിംപിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കും. കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോളജും കോഴിക്കോട് സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഗെയിംസ് വില്ലേജില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

അതിവേഗം, ബഹുദൂരം: വിശ്രമരഹിതയാത്രയുമായി മുഖ്യമന്ത്രി


വടകര: സര്‍വകക്ഷിയോഗം കഴിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ വടകരയില്‍നിന്ന് മടങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച കാലത്ത് ഏഴരയ്ക്ക് വീണ്ടും നാദാപുരം തൂണേരിയിലെത്തിയപ്പോള്‍ പോലീസുദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരും അമ്പരന്നു, 'എന്തൊരു സ്പീഡ്...!'

വടകരയില്‍ സമാധാനയോഗത്തില്‍ പങ്കെടുക്കുക എന്ന മുഖ്യലക്ഷ്യത്തോടെ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തലസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. വഴിമധ്യേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ ഒരു ശവമടക്കം, ഏതാനും പൊതുപരിപാടികള്‍. അതുകഴിഞ്ഞ് വൈകീട്ട് ഏഴോടെ കോട്ടയം പഴയ സെമിനാരിയില്‍ ഒരു ചടങ്ങ്. എല്ലാം കഴിഞ്ഞ് വിശ്രമത്തിനായി എറണാകുളം ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ രാത്രി പത്തര. 

ശനിയാഴ്ച കാലത്ത് ആറരയോടെ മന്ത്രി തിരുവഞ്ചൂരിനൊപ്പം മോഹന്‍ലാലിന്റെ വീട്ടിലെത്തി. 'ലാലിസം' വിവാദങ്ങളുമായി ബന്ധപ്പെട്ട് അല്പനേരം ചര്‍ച്ച. എട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിച്ചു. ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കോഴിക്കോട് നഗരത്തില്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ അമ്മയുടെ നില ഗുരുതരമാണെന്നറിഞ്ഞ് അങ്ങോട്ടേക്ക്. അതുകഴിഞ്ഞ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫിന്റെ അനൗദ്യോഗിക നേതൃയോഗം. നാദാപുരം സംഭവങ്ങള്‍ സംബന്ധിച്ച ആശയവിനിമയം. 

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്‍ വടകരയിലേക്കു പറപറന്നു. കൃത്യം പതിനൊന്നിനുതന്നെ സമാധാനയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം വടകര താലൂക്കോഫീസിലെത്തി. രണ്ടോടെ കരിപ്പൂരിലെത്തേണ്ടതിനാല്‍ യോഗം വേഗം തീര്‍ക്കണമെന്ന് അദ്ദേഹം നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിലെ ചര്‍ച്ചയുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി സമയനിബന്ധന മറന്നു. മുഴുവന്‍സമയവും യോഗത്തിലിരുന്ന് പത്രസമ്മേളനവും നടത്തിയാണ് തിരികെപ്പോയത്. ബി.ജെ.പി. ഹര്‍ത്താല്‍ കാരണം അന്നുപേക്ഷിച്ച നാദാപുരം യാത്ര വൈകാതെ നടത്താമെന്ന ഉറപ്പുനല്‍കിയശേഷമായിരുന്നു മടക്കം. രണ്ടാം ദിവസം പുലരുമ്പോഴേക്കും അദ്ദേഹം വീണ്ടും തൂണേരിയില്‍ ഹാജരായപ്പോള്‍ അദ്ഭുതം സ്വാഭാവികം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് വടകരയില്‍നിന്ന് പോയ മുഖ്യമന്ത്രി കരിപ്പൂരില്‍നിന്നു വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി അവിടെനിന്ന് നേരേ ഡല്‍ഹിയിലേക്ക്. രാത്രി ഒമ്പതോടെ തലസ്ഥാനനഗരത്തിലെത്തി. 'നീതി ആയോഗ്' യോഗത്തില്‍ കേരളത്തിനുവേണ്ടി അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ദീര്‍ഘനേരം ചര്‍ച്ച. ഞായറാഴ്ച കാലത്ത് നീതി ആയോഗ് യോഗത്തില്‍ പ്രസംഗിച്ച് ഉച്ചയ്ക്കുതന്നെ മടക്കം. വൈകീട്ട് നാലേകാലോടെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കോട്ടയം പരേഡ് ഗ്രൗണ്ട്. നെഹ്രു സ്റ്റേഡിയത്തില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഒരുക്കിയ സ്വീകരണത്തിലും രാത്രി സംസ്ഥാനസര്‍ക്കാര്‍ ബാവയ്ക്കു നല്‍കിയ അത്താഴവിരുന്നിലും പങ്കെടുത്തു. പിന്നാലെ മലബാര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്കു തിരിക്കാനുള്ള പരിപാടി പൊളിഞ്ഞു. അത്താഴവിരുന്നുകഴിഞ്ഞ് എത്തുമ്പോഴേക്കും വണ്ടി പോയിരുന്നു. തുടര്‍ന്ന് 12 മണിക്കുള്ള മംഗലാപുരം എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക്. 

തിങ്കളാഴ്ച രാവിലെ 6.05-ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലെത്തുമ്പോള്‍ 6.22. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സമയം 6.50. കൊലപാതകവും മറ്റ് അതിക്രമങ്ങളും നടന്ന തൂണേരിയില്‍ മുഖ്യമന്ത്രി 7.40 കഴിയുമ്പോഴേക്കുമെത്തി. കൊല്ലപ്പെട്ട ഷിബിന്റെ വീടും തകര്‍ക്കപ്പെട്ട വീടുകളും കണ്ടശേഷം അവലോകനയോഗവും നടത്തി മുഖ്യമന്ത്രി വയനാട്ടിലേക്കുതിരിക്കുമ്പോള്‍ പത്തര. 

വയനാട്ടില്‍ ആറു പരിപാടികള്‍ കഴിഞ്ഞ് പൂക്കോട്ടുനിന്ന് എടപ്പാളിലേക്ക് തിരിക്കുമ്പോള്‍ അഞ്ചരകഴിഞ്ഞു. എടപ്പാളില്‍ പൊതുപരിപാടിയും കഴിഞ്ഞ് നെടുമ്പാശ്ശേരിയിലേക്ക്, അവിടെനിന്ന് തലസ്ഥാനത്തേക്കും... 

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

നാദാപുരം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും


തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി എം കെ മുനീര്‍ ചെയര്‍മാനായും കലക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും രണ്ട് ആഴ്ചക്കുളളില്‍ നാശനഷ്ടങ്ങളുടെയും പരുക്ക് പറ്റിയവരുടെയും കണക്കുകള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി മുനീറിന്റെ നേതൃത്വത്തില്‍ രുപവത്കരിച്ച കര്‍മ സമിതിയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍, നാദാപുരം എം എല്‍ എ ഇ കെ വിജയന്‍, കുറ്റിയാടി എം എല്‍ എ കെ കെ ലതിക, റൂറല്‍ എസ് പി, എ ഡി എം, സബ് കലക്ടര്‍ എന്നിവരും കര്‍മ സമിതിയില്‍ അംഗങ്ങളായിരിക്കും. അക്രമത്തിനിടയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ മാസം പതിനഞ്ചിന് താലൂക്ക് ഓഫീസില്‍ നടത്തുന്ന അദാലത്തില്‍ വെച്ച് ഇവ വിതരണം ചെയ്യും. ഇതിനുള്ള അപേക്ഷാ ഫീസ് സര്‍ക്കാര്‍ വഹിക്കും.

അക്രമത്തില്‍ കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വീട്ടിലെത്തി അച്ഛന്‍ ഭാസ്‌കരന് കൈമാറി. യുവാവിന്റെ കൊലപാതകം അത്യന്തം പൈശാചികമാണെന്നും ഷിബിന്റെ കുടുംബത്തിന്റെ ദു:ഖം നികത്താനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിലായ കൊലയാളികള്‍ നിയമത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് പോകാതിരിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. നാടിനെ വേദനിപ്പിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് സംഭവിച്ചത്. ഏറ്റവും വേഗം ആ മുറിവ് ഉണക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസിന് വീഴ്ച ഉണ്ടായോ, എന്ന ചോദ്യത്തിന് അക്രമങ്ങള്‍ നടക്കുമ്പോഴുള്ള പ്രത്യേക സാഹചര്യം കൂടി വിലയിരുത്തണം. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് മേഖലയില്‍ ആശ്വാസവും സഹായവും എത്തിക്കുന്നതിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി, എം കെ മുനീര്‍, കെ പി മോഹനന്‍, ജില്ലാ കലക്ടര്‍ സി എ ലത, മുല്ലപ്പളളി രാമചന്ദ്രന്‍ എം പി, എം എല്‍ എമരായ ഇ കെ വിജയന്‍, കെ കെ ലതിക സന്നിഹിതരായിരുന്നു.

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പെട്രോളിന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാവുന്ന സാഹചര്യം


വാളാട്(വയനാട്): യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് അസംസ്‌കൃത എണ്ണയുടെ വില മൂന്നില്‍ ഒന്നായി കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിന് നിലവിലുള്ള വിലയില്‍ നിന്ന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാന്‍ സാധിക്കുമന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പി.കെ. ഷൈബിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കണ്ണില്‍ യു.പി.എ സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിച്ചവരും മോദി സര്‍ക്കാര്‍ എണ്ണ വില കുറച്ചവരുമാണ്. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ മറ്റ് വഴികളൊന്നും ഇല്ലാതായപ്പോഴാണ് യു.പി.എ സര്‍ക്കാര്‍ എണ്ണ വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് എം.പി മാരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് തവണ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി താഴെയങ്ങാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ്സ്‌റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സാധാരണക്കാരായ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.