UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 29, വ്യാഴാഴ്‌ച

വൈദ്യുതി നിയന്ത്രണം വരും

വൈദ്യുതി നിയന്ത്രണം വരും

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്രപൂളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതലായി വൈദ്യുതി വിഹിതം കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയേയും കെ.എസ്.ഇ.ബിയേയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിച്ചു. 

പാക് കടലിടുക്ക് നീന്തിക്കടന്ന മുരളീധരനെ അഭിനന്ദിച്ച മന്ത്രിസഭ അദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കാനും തീരുമാനിച്ചു. 

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാര്‍ച്ച് 31 ന് വിരമിക്കുന്ന പി പ്രഭാകരന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ ജയകുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും 


 


ന്യൂഡല്‍ഹി: മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെ ആവശ്യവും അഞ്ചാം മന്ത്രിക്കായുള്ള ലീഗിന്റെ ആവശ്യവും യു.ഡി.എഫ്. ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കെ.ബി. ഗണേശ്കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെക്കുറിച്ചും തനിക്ക് നല്ല അഭിപ്രായമാണെന്നും എല്ലാവരും സമര്‍ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. ആവശ്യമുന്നയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യു.ഡി.എഫാണ് തീരുമാനം എടുക്കുക. പരസ്​പരം ചര്‍ച്ചചെയ്തും എല്ലാവരുടെയും അഭിപ്രായമാരാഞ്ഞും തീരുമാനം എടുക്കുന്നതാണ് യു.ഡി.എഫിന്റെ ശൈലി. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിനും ഇക്കാര്യങ്ങള്‍ യു.ഡി.എഫ്. തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. പിറവം തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ , നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ചാവിഷയമായി.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായിയുമായി മുഖ്യമന്ത്രി ടെലിഫോണില്‍ ബന്ധപ്പെട്ടു.

2012, മാർച്ച് 27, ചൊവ്വാഴ്ച

കേന്ദ്ര പാക്കേജ് ഉടന്‍

കേന്ദ്ര പാക്കേജ് ഉടന്‍ 

 

ന്യൂഡല്‍ഹി: കടബാധ്യതാ സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേരളത്തിന് കേന്ദ്രം സാമ്പത്തികപാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ 2924 കോടിയുടെ വായ്പ എഴുതിത്തള്ളുന്നതും പാക്കേജിന്റെ ഭാഗമാണ്. ഇതിനുപുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൊല്ലം , ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മാണം, എന്നിവയും പാക്കേജിന്റെ ഭാഗമാണ്.

കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരവുമായി സംസ്ഥാനത്തെ തീരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചചെയ്തു. ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് മത്സ്യത്തെഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ലഭിക്കേണ്ട തുക ഉടന്‍ നല്‍കുമെന്ന് മന്ത്രി അറിയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണംകൊണ്ട് തീരദേശത്തുണ്ടാകുന്ന നഷ്ടം, തീപ്പിടിത്തം കൊണ്ടുണ്ടാകുന്ന നഷ്ടം എന്നിവയെ ദുരന്ത ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് എത്രയുംവേഗം അനുമതി ലഭിക്കാന്‍ നടപടി സ്വീകരിക്കും.

കേന്ദ്ര കപ്പല്‍ഗതാഗതമന്ത്രി ജി.കെ. വാസനുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തന്റെ മന്ത്രാലയം അനുകൂലമാണെന്ന് മന്ത്രി വാസന്‍ അറിയിച്ചു.

അടുത്തകാലത്ത് വിദേശകപ്പലുകളില്‍നിന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരേയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തീരമേഖലയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രി വാസനോട് അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിവേണം കപ്പലുകള്‍ നീങ്ങേണ്ടതെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി വാസന്‍ അറിയിച്ചു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വാസനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒമ്പത് മലയാളികള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുണ്ടെന്നാണ് സര്‍ക്കാറിന് ലഭിച്ചിട്ടുള്ള വിവരം.

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

 

 


ന്യൂഡല്‍ഹി:കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെക്കുറിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. 

വിവിധ പദ്ധതികള്‍ക്കായി കേന്ദ്രധനസഹായം തേടിയതില്‍ മുന്‍ഗണന കൊച്ചി മെട്രോയ്ക്കാണ്. ഇത്തവണത്തെ പൊതുബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക നീക്കിവെച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പില്‍ ഇനി തടസ്സങ്ങളൊന്നുമില്ല. ജൈക്ക വായ്പ ലഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. പദ്ധതിയെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. പദ്ധതി ഉടന്‍ കേന്ദ്രമന്ത്രിസഭ പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടനാട് പാക്കേജിനെക്കുറിച്ചുള്ള അവലോകനം ചൊവ്വാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ആസൂത്രണ കമ്മീഷന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രതിനിധികളും കുട്ടനാട് പാക്കേജിന്റെ സൂത്രധാരനായ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്. സ്വാമിനാഥനും യോഗത്തില്‍ പങ്കെടുക്കും. 

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

മലയാളം മിഷന്‍ രജിസ്ട്രാര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല

 

 


 
ന്യൂഡല്‍ഹി: മലയാളം മിഷന്‍ രജിസ്ട്രാറുടെ നിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇപ്പോഴുള്ള രജിസ്ട്രാറെ മാറ്റണമെന്ന് ഒ.എന്‍.വി. കുറുപ്പ് അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഡെപ്യൂട്ടി റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ രജിസ്ട്രാറായി നിയമിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തിരുന്നു. ഇത് കണക്കിലെടുക്കാതെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ കെ.സുധാകരന്‍ പിള്ളയെ മലയാളം മിഷന്‍ രജിസ്ട്രാറാക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ''രജിസ്ട്രാറെ നിയമിച്ചിട്ട് ഏറെക്കാലമായി. ഇക്കാര്യത്തില്‍ ഒരു ചട്ടലംഘനവും നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനവ്യവസ്ഥ ഭേദഗതി ചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല'' - മുഖ്യമന്ത്രി ഡല്‍ഹിയില്‍ വിശദീകരിച്ചു. 

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തണം

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തണം

 


കോട്ടയം:അധികാരം ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിച്ചറിയണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഉദ്യോഗസ്ഥര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാനസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ പൊതുവിതരണരംഗത്ത്കണ്‍സ്യൂമര്‍ഫെഡ് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകാപരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കണ്‍സ്യൂമര്‍ഫെഡിലെ ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്. ഇത് പരിഹരിക്കുക ജീവനക്കാരുടെ പ്രശ്‌നങ്ങള്‍കൂടി മനസ്സിലാക്കിക്കൊണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മെമ്പര്‍ഷിപ്പുകള്‍ വിതരണംചെയ്തു. 

2012, മാർച്ച് 26, തിങ്കളാഴ്‌ച

നിത്യോപയോഗ സാധനവില കുറക്കും

നിത്യോപയോഗ സാധനവില കുറക്കും 


നിത്യോപയോഗ സാധനവില കുറക്കും -ഉമ്മന്‍ചാണ്ടി

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച് ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭക്ഷ്യവിതരണരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഒരു രൂപയുടെ അരി വിതരണം ചെയ്തത്.  

കോട്ടയം എസ്.പി.സി.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍സ്യൂമര്‍ഫെഡ് എംപ്ളോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന ബോധം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണം. സേവനം ജനങ്ങളിലെത്തിക്കുകയാണ് സര്‍ക്കാറിന്‍െറ കടമ. അധികാരം ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും വേണ്ടിയാണെന്ന സംശയം പാടില്ല. ജനസമ്പര്‍ക്ക പരിപാടി ഒരുദിവസം കൊണ്ട് അവസാനിക്കില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ ജനങ്ങളുമായി അടുക്കേണ്ടതിന്‍െറ സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ വിശ്വസമാര്‍ജിച്ച് പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്‍െറ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഇവ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കില്‍ വഴിമാറണം. സംസ്ഥാനത്തെ  പൊതുവിതരണരംഗത്ത് കണ്‍സ്യൂമര്‍ഫെഡിന്‍െറ പ്രവര്‍ത്തനം ഇതരസ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

 



കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ റൂബി ജൂബിലി ആഘോഷം കച്ചേരിപ്പടി ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കമ്പനി ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് 20 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മൊബൈലില്‍ സംസാരിക്കാന്‍ തക്ക ശേഷിയുള്ള ടവറുകളാണ് സ്ഥാപിക്കുന്നത്. തീരദേശ പൊലീസിന്റെ സ്​പീഡ് ബോട്ടുകളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളുകളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ട്. ഈ ആശങ്കയെ സര്‍ക്കാര്‍ ഗൗരവമായിട്ട് കാണുന്നു. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സുരക്ഷാ നടപടികളുമായി മുന്നോട്ടുപോകും. 

കേരളസമൂഹത്തില്‍ ലത്തീന്‍ സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, മാർച്ച് 25, ഞായറാഴ്‌ച

എസ്.പി. മുരളീധരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

എസ്.പി. മുരളീധരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

 

തിരുവനന്തപുരം: പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച എസ്.പി. മുരളീധരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ മുരളീധരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

സ്‌കൂള്‍ വിദാര്‍ഥികളുടെ കരിക്കുലത്തില്‍ നീന്തല്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണം

കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണം -മുഖ്യമന്ത്രി

 



തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സുവര്‍ണകാലം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലി യാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താന്‍ പഠിച്ച സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലി യാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെ ലോകം ബഹുമാനിച്ച കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചുപിടിക്കാന്‍ കഴിയണം. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ നേട്ടം കൈവരിച്ചുവെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ഥിതി ആശാവഹമല്ല. ഇതിന്റെ കാരണം അന്വേഷിക്കണം''-മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷവും ഫലം പ്രഖ്യാപിക്കാത്ത സര്‍വകലാശാലകളുള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.