UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 22, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ കേരളം അംഗീകരിക്കും; ആയിരം കോടി കിട്ടും

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി സംസ്ഥാനത്തിന് ആയിരം കോടിയോളം രൂപ ലഭിക്കും. ശുപാര്‍ശകള്‍ അംഗീകരിക്കാത്തതുകൊണ്ട് കേരളത്തിന് ഇതിനകം പല നഷ്ടങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നബാര്‍ഡിന്റെ 2012-13 വര്‍ഷത്തെ വായ്പാ പദ്ധതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല്, തെങ്ങ് കൃഷികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള സമയപരിധി കഴിഞ്ഞെങ്കിലും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെ ഒപ്പിടാനാണ് ശ്രമം. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചനടത്തി. നബാര്‍ഡ് ചെയര്‍മാനുമായും സംസാരിച്ചെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നവീകരിക്കാനുള്ള ശുപാര്‍ശകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചതാണ് വൈദ്യനാഥന്‍ കമ്മീഷന്‍. 2005 ല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായി സഹകരണ മേഖലയുടെ സഞ്ചിത നഷ്ടം ഒഴിവാക്കാനും മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാനുമായിരുന്നു ശുപാര്‍ശ. പാക്കേജിലൂടെ ലഭിക്കുന്ന പണം ഏകീകൃത സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളുടെ കമ്പ്യൂട്ടര്‍ വത്കരണത്തിന് ഉപയോഗിക്കാം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണസംരക്ഷണമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കേരളത്തില്‍ പൂര്‍ണസംരക്ഷണമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന കേരളത്തിന്റെ നിലപാടിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.അണക്കെട്ട് സംബന്ധിച്ച ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നതാണ് കേരളത്തിന്റെ നിലപാട്. തമിഴ്‌നാടും ഇതിനനുകൂല സമീപനം കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയമനമാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് സംയമനത്തിന്റെ രീതി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാതൊരു രഹസ്യ അജണ്ടയുമില്ല. സഹോദരങ്ങളെപ്പോലെ കഴിയുന്ന രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, കെ.സി.ജോസഫ്, അഡീഷണല്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചുലക്ഷം അനുവദിച്ചു

നിലമ്പൂര്‍: സ്‌കള്‍ കായികമേളയില്‍ മിന്നുന്ന വിജയം നേടിയ പോത്തുകല്ല് സ്വദേശിനി ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചു ലക്ഷംരൂപ അനുവദിച്ചു. പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയും പോത്തുകല്ല് ഗ്രാമപ്പഞ്ചായത്തും ജെസ്സിക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്‍കിയിരുന്നു.

ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തില്‍ ആര്യാടന്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പണം അനുവദിക്കുകയായിരുന്നു. വീട് നിര്‍മിക്കാനുള്ള സാമ്പത്തികസഹായം അനുവദിച്ച വിവരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കരുണാകരന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്റ് ഓമന നാഗലോടിയില്‍ എന്നിവര്‍ എത്തിയാണ് ജെസ്സിയുടെ മാതാവിനെ അറിയിച്ചത്.

2011, ഡിസംബർ 21, ബുധനാഴ്‌ച

About Mullaperiyar Issue (video)



about mullaperiyar issue More
YouTube

Kesari puraskaram (video)


kesari puraskaram More
YouTube

ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി


ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി



തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ചു തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു.  അതേസമയം, കേരളത്തിലെ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഇന്നു മൂന്നിനു ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്നതിനാണു തമിഴ്‌നാട്ടിലെ എഡിറ്റര്‍മാരുടെ യോഗം തിരുവനന്തപുരത്തു വിളിക്കാന്‍ തീരുമാനിച്ചത്.  ഇതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് എഡിറ്റര്‍മാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഇവര്‍ക്കു ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും വിമാന ടിക്കറ്റ് ലഭിക്കുക ബുദ്ധിമുട്ടായി.  ഈ സാഹചര്യത്തിലാണു യോഗം മാറ്റിവച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സഹിതം കേരളത്തിന്റെ നിലപാട് വിശദീകരിച്ചുള്ള പരസ്യം വന്ന പത്രങ്ങള്‍ തമിഴ്‌നാട്ടിലെ ചിലര്‍  കത്തിച്ചത് ഒറ്റപ്പെട്ട സംഭവമായേ എഡിറ്റര്‍മാര്‍ കാണുന്നുള്ളു.  കേരളത്തിന്റെ പരസ്യങ്ങള്‍ നല്‍കുന്നതിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിലും അവര്‍ക്ക് ഇപ്പോഴും താല്‍പര്യമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2011, ഡിസംബർ 20, ചൊവ്വാഴ്ച

ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ - മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം പണിത് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുകയോ കോടതി തീരുമാനിക്കുകയോ ചെയ്യട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡാം എന്നകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കേരളം തയ്യാറല്ല. തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന കാര്യത്തില്‍ ഒരു രഹസ്യ അജണ്ടയും കേരളത്തിനില്ല. എന്നാല്‍ നമ്മുടെ നിലപാടിന് വ്യത്യസ്തമായ പ്രചാരണമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നമ്മുടെ നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി പനീര്‍ സെല്‍വവുമായി താന്‍ ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നിലപാട് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയെ ഇക്കാര്യം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുമുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നതരത്തില്‍ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അവധിക്കാലത്ത് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പെരിയാറിനെക്കുറിച്ച് തയ്യാറാക്കിയ 'പുതിയ ഡാമിന് വേണ്ടി കാത്തിരിക്കാനാവില്ല' എന്ന ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

ചെന്നൈ:തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല സാഹോദര്യത്തിന് ഉലച്ചില്‍ തട്ടാന്‍ മുല്ലപ്പെരിയാര്‍ തര്‍ക്കം കാരണമാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനാകുമെന്നതില്‍ സംശയമില്ലെന്നും ഇതിനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രങ്ങളില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

''വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങി ഒട്ടേറെ മലയാളികള്‍ തമിഴ്‌നാട്ടിലും തിരിച്ച് ആയിരക്കണക്കിന് തമിഴ് കുടുംബങ്ങള്‍ കേരളത്തിലും സമാധാനപരമായി ജീവിതം നയിക്കുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തുന്നത്. മലയാളി, തമിഴ് ജനതകള്‍ക്കിടയിലുള്ള പരസ്​പര വിശ്വാസത്തിലധിഷ്ഠിതമായ ഈ ആത്മബന്ധത്തെ കേരളം ഏറെ വിലമതിക്കുന്നു. ഇതിന് കോട്ടംതട്ടും വിധമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ താമസിക്കുന്ന തമിഴ് ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്ടിലെമ്പാടുമുള്ള മലയാളികളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളുടെ ജലസേചന സ്രോത്രേസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം കേരളത്തെ സംബന്ധിച്ചിടത്തോളം എറെ നിര്‍ണായകമാണെന്നും പുതിയ ഡാം നിര്‍മിച്ചുകൊണ്ടു മാത്രമേ ഇക്കാര്യത്തിലുള്ള ഭീതിയും ആശങ്കയും പരിഹരിക്കാനാകൂവെന്നും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

തമിഴ്‌നാടിന് ഇപ്പോള്‍ ലഭിക്കുന്നത്ര വെള്ളം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ ഡാം നിര്‍മിക്കുകയെന്ന് കേരളം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി, ഉന്നതാധികാര സമിതി, കേന്ദ്ര ഗവണ്‍മെന്റ്, തമിഴ്‌നാട് സര്‍ക്കാര്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് കേരളം ആവര്‍ത്തിച്ച് നല്‍കിയിട്ടുണ്ട്. ഇങ്ങനെ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.