UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2022, ഏപ്രിൽ 11, തിങ്കളാഴ്‌ച

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

 

സിൽവർലൈനിന് എതിരെ നട്ടാശേരി വിദ്യാധിരാജാ സ്കൂളിൽ സമരസമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സമീപവാസി രത്നമ്മ കണിക്കൊന്ന പൂക്കൾ നൽകി സ്വീകരിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം.


സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. നിലവിലെ റെയിൽവേ ട്രാക്കിലൂടെ മുംബൈ സബർബൻ ടെയിൻ സർവീസുമായി സഹകരിച്ച് ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം ഉപയോഗിച്ച് ടെയിൻ ഓടിക്കുകയും വളവുകൾ നിവർത്തുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ പറയുന്ന കോടികളുടെ പകുതി പോലും ചെലവുണ്ടാകില്ല. 

ഞാൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് സിൽവർലൈൻ പദ്ധതിക്കു തുടക്കമിട്ടതെന്നു ചിലർ പറഞ്ഞു നടക്കുന്നുണ്ട്. അത് അവാസ്തവമാണ്. രാഷ്ട്രീയം നോക്കാതെ ജനം ഈ പദ്ധതിക്ക് എതിരെ മുന്നോട്ടുവരണം.

സിൽവർലൈനിന് എതിരെ നട്ടാശേരി വിദ്യാധിരാജാ സ്കൂളിൽ സമരസമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.






2022, ഏപ്രിൽ 5, ചൊവ്വാഴ്ച

'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം

 


'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' എന്നതാണ് കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.

നിങ്ങള്‍ എത്ര ശ്രമിച്ചാലും എന്നെ വിവാദത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കേണ്ട. ഐഎന്‍ടിയുസി കോണ്‍ഗ്രസില്‍ എന്താണെന്ന് ബന്ധപ്പെട്ടവര്‍ പറയും.



2022, മാർച്ച് 25, വെള്ളിയാഴ്‌ച

സിൽവർലൈൻ ജനകീയ പ്രതിഷേധം; യൂ.ഡി.എഫ് എംപിമാരെ തല്ലിച്ചടച്ച പോലീസ് നടപടി അപലനീയം

 


സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ച നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.

സമാധാനപരമായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ ആക്രമിച്ചത് ഫാസിസ്റ്റ് നിലപാടാണ്. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ രമ്യാ ഹരിദാസ് എംപിയെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച സന്ദർഭത്തിൽ തന്നെയാണ് എംപിമാർക്കെതിരെ കിരാതമായ അക്രമം നടന്നത്. അക്രമം അഴിച്ചുവിട്ടു മർദ്ദിച്ച് ഒതുക്കിയും ആർക്കും വേണ്ടാത്ത കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാമെന്ന് സർക്കാർ ധരിക്കരുത്. 



2022, മാർച്ച് 19, ശനിയാഴ്‌ച

കെറെയില്‍; ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്

 


ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കെ റെയില്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യത്തിന് യോജിച്ചതല്ല. ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്. കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. മാടപ്പള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ കെ റെയിലിന്റെ പഴയ പേരായ അതിവേഗ റെയില്‍ പാതയ്ക്ക് വേണ്ടിയുള്ള വിദഗ്ദ റിപ്പോര്‍ട്ടിന് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. 2011-ല്‍ ഞാന്‍ മുഖ്യമന്ത്രിയാകുന്ന സമയത്താണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ചപ്പോള്‍ കേരളത്തിന് താങ്ങാന്‍ പറ്റാത്ത പദ്ധതിയാണെന്ന് മനസിലായി. അപ്പോള്‍ തന്നെ പദ്ധതി വേണ്ടെന്നുവച്ചു. പകരം പദ്ധതി മഹരാഷ്ട്ര സബര്‍ബന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള റെയില്‍ പാളം വഴി വേഗത കൂടിയ റെയില്‍ സര്‍വ്വീസുകള്‍ നടത്താനായിരുന്നു പദ്ധതി. എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പ്രതിഷേധങ്ങള്‍ കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നാണ്.

കേരളത്തിന്റെ പശ്ചാത്തലം നോക്കുമ്പോള്‍ ഒരു വിധത്തിലും നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതിയാണിത്. വന്‍ സാമ്പത്തിക ബാധ്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ഥലം ഏറ്റെടുപ്പ് എന്നിവ പ്രശ്‌നമായി വരും. യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പദ്ധതി നീണ്ടുപോകാന്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറകല്ലുകളും മണ്ണും മറ്റ് നിര്‍മ്മാണ സാമഗ്രഹികളും എത്തിക്കാന്‍ സാധിക്കാത്തതിനാലാണ്. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പാറകല്ലുകളും മണ്ണും കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പാറകല്ലുകള്‍കൊണ്ട് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പ്രായോഗ്യമാകുന്നതല്ല.

സില്‍വര്‍ ലൈന് എതിരായി ഉയർന്നുവന്നിട്ടുള്ള എല്ലാ പോരാഴ്മകളുമില്ലാത്ത ഈ ബദല്‍ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. 

വിദ്യാര്‍ഥികൾക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.

 തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന് ഇരയായ കെ.എസ്.യു നേതാക്കളെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. (16-Mar-22)

ലോക സമാധാനത്തിന് വേണ്ടി മുഖ്യമന്ത്രി രണ്ട് കോടി മാറ്റിവയ്ക്കുമ്പോള്‍, അനുയായികളായ എസ്.എഫ്.ഐ നേതാക്കള്‍ കോളജ് ക്യാംപസിനകത്ത് പെണ്‍കുട്ടികളോടു പോലും ക്രൂരമായ അക്രമമാണ് അഴിച്ചുവിടുന്നത്.

അക്രമത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ മറുപടി പറഞ്ഞത് സി.പി.എം നേതാവിനെ പോലെയായിരുന്നു, ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി . നിയമം കൈയില്‍ എടുത്തവര്‍ക്കെതിരെയും സ്ത്രീകളോട് ക്രൂരമായി ആക്രമം നടത്തിയവര്‍ക്കുമെതിരെയും ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടത്. അക്രമികളെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ചാല്‍ നീതി എവിടെ നിന്ന് ലഭിക്കും.

ക്യാംമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ എല്ലാ മറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം ലോകോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കോബ്, കട്ടപ്പന സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥി ഗായത്രി, തിരൂര്‍ കോളജിലെ വിദ്യാര്‍ഥിനി എന്നിവര്‍ക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.


2022, മാർച്ച് 11, വെള്ളിയാഴ്‌ച

യുക്രൈനിയില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യം ഉറപ്പാക്കണം.

 


യുക്രൈനിയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ തുടര്‍ പഠനം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തുടര്‍ പഠനത്തിന് സൗകര്യം ഉറപ്പാക്കണമെന്നും അതിന് സാങ്കേതികമായ നടപടി ക്രമങ്ങള്‍  തടസ്സമാകാന്‍ പാടില്ലെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. 

യുക്രൈനില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക സര്‍വകലാശാലകള്‍ അവിടെ  പഠന സൗകര്യം ഒരുക്കിയത് കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ്.

യുക്രൈനില്‍ പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പ പഠനം മുടങ്ങിയതിനാല്‍  പ്രതിസന്ധിയിലായിരിക്കുകയാണ്.  വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കുവാന്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണം. വായ്പകള്‍ എഴുതിത്തള്ളുകയോ തിരിച്ചടവിന്റെ ബാധ്യത ഗവണ്‍മെന്റ് ഏറ്റെടുക്കുകയോ ചെയ്യണം. വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയി ജീവനുംകൊണ്ട് തിരികെയെത്തിയ വിദ്യാര്‍ത്ഥികളോട് അത്രയെങ്കിലും പരിഗണന നല്‌കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംസ്ഥാന സര്‍ക്കാരിന്  വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ അതിന് കേന്ദ്രസഹായം തേടണം.  പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിക്കണം. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷി നിവേദക സംഘവും  ഡല്‍ഹിക്കു പോകണണം.

വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം വിപുലപ്പെടുത്തുവാനായി യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് അനുവദിച്ചതും നിര്‍മ്മാണം നടക്കുന്നതുമായ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം രണ്ടാമത്തെ മെഡിക്കല്‍ കോളേജ്, വയനാട് മെഡിക്കല്‍ കോളേജ് എന്നിവ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും.  2011-ല്‍ ഉണ്ടായിരുന്ന 5 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ സ്ഥാനത്ത് 15 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ വന്നാല്‍ അത്  മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോഗതി ആയിരിക്കും.

2022, മാർച്ച് 7, തിങ്കളാഴ്‌ച

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

 


സമുദായ നേതാവായും പാർട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. 

വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

യുക്രെയിനില്‍ നിന്ന് മടങ്ങാന്‍ വിമാനസൗകര്യം ഏർപ്പടുത്തണം

 

യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നു പോരാന്‍ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യാഗവണ്മെന്റ്  നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്‍പ്പെടുത്തണം. 

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്കി.

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

ലോകായുക്തയെ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

 


പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

ലോകായുക്തയ്ക്ക് കടിക്കാനുള്ള അധികാരം നല്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ ശാക്തീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

യുഡിഎഫ് സര്‍ക്കാര്‍ 2011 മെയ് 18ന് അധികാരമേറ്റ ഉടനേ ജൂണ്‍ 28ന് 117 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നതാണ് വിപ്ലവകരമായ മാറ്റം. അതുവരെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററും ഐഎച്ച്ആര്‍ഡിയും മാത്രമായിരുന്നു ലോകായുക്തയുടെ പരിധിയില്‍ ഉണ്ടായിരുന്നത്. ഐഎച്ച്ആര്‍ഡിയെ വിഎസ് സര്‍ക്കര്‍ അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പ് 4.5.2011ല്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക രാഷ്ട്രീയതാത്പര്യങ്ങളുടെ പേരിലാണ്.

ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും ഒറ്റയടിക്ക് ലോകായുക്തയുടെ പരിധിയിലാക്കിയത്. 1999ല്‍ ലോകായുക്ത രൂപീകരിച്ചശേഷം നടത്തിയ ഏറ്റവും വലിയ ശാക്തീകരണ നടപടിയായിരുന്നു അത്.

ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അഴിമതി സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഇതുവരെയുള്ള നിലപാടുകള്‍ പൊള്ളയായിരുന്നെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

ലോകായുക്തയെ ദുര്‍ബലപ്പെടുത്താൻ വ്യാജ ആരോപണങ്ങൾ

 


ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നത്. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്.

എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഢിയും ഉണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും അതിനു വലിയ സ്വീകാര്യത ലഭിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും അന്ന് ഉയര്‍ന്നിരുന്നില്ല. പിന്നീട് ഡോ ജാന്‍സി കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലറായി. അക്കാദമിക് മികവാണ് അവരെ ഉന്നതപദവികളിലെത്തിച്ചത്. വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടതുസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതു ഇടയാക്കും.