UDF

2019, മേയ് 10, വെള്ളിയാഴ്‌ച

പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് വീണ്ടും നടത്തണം


അന്‍പതിനായിരത്തോളം വരുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചും, ഡ്യൂട്ടിയിൽ സ്വന്തം നിയോജകമണ്ഡലത്തിൽ നിയോഗിക്കപ്പെട്ടവർക്കും അവിടെ നേരിട്ട് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചുകൊണ്ട് പോസ്റ്റൽ ബാലറ്റ് വാങ്ങി ബന്ധപ്പെട്ടവരെ ഏൽപ്പിക്കാൻ സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ചത്, തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കളമൊരുക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ക്രമക്കേട് സംബന്ധിച്ച് ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് മെയ് 15ന് മുന്‍പ് നല്‍കാന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.

നിർഭയമായും സ്വതന്ത്രമായും നിഷ്പക്ഷമായും വോട്ടവകാശം വിനിയോഗിക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഗവൺമെന്റും, പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരും തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്ക് സഹായകമായ നിലപാട് സ്വീകരിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്.

അതീവ ഗുരുതരമായ ഈ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരാനും ഇതില്‍ പ്രത്യക്ഷവും പരോക്ഷവും ആയി പങ്കുള്ള ഉദ്യോഗസ്ഥന്മാരെ കണ്ടെത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും, പോസ്റ്റല്‍ ബാലറ്റുകള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാബോധ്യമായ സാഹചര്യത്തില്‍ ആ ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കി അവര്‍ക്ക് പുതിയ ബാലറ്റ് പേപ്പറുകള്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണം എന്നും ചീഫ് ഇലക്ഷൻ കമ്മീഷണറോട് അഭ്യർത്ഥിക്കുന്നു.