UDF

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കും


പാലക്കാട്: അടുത്ത സാമ്പത്തികവര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യകമ്മീഷന്‍ രണ്ടുശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശചെയ്തിരുന്നത്. നാമമാത്രമായ വര്‍ധന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാരാളം സാമൂഹികസേവന പദ്ധതികളുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ല. അവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം െമച്ചപ്പെടുത്താന്‍ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും 990 ക്ലര്‍ക്കുമാരുടെയുമടക്കം 1,800 അധികതസ്തികകള്‍ അനുവദിച്ചു. ഗ്രാമസഭകള്‍കൂടി വേണ്ടത്ര സജീവമായാലേ പഞ്ചായത്തീരാജ് നിയമംകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ കൈവരിക്കാനാവൂ. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായി. ചലനശേഷി കുറവായവര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. ഫണ്ടുകള്‍കൂടി ഇതിന് വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.