UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഡിസംബർ 19, ശനിയാഴ്‌ച

ന്യൂനപക്ഷ ക്ഷേമം; സംസ്ഥാനം മുന്നില്‍


തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പാക്കിയതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച ലോക ന്യൂനപക്ഷ അവകാശദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്റെ വെബ്‌സൈറ്റ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. 

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കും


"ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം"


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ജനവരി അവസാനമോ ഫിബ്രവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന് സാമ്പത്തിക ബുദ്ധുമുട്ടുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഉമ്മന്‍ ചാണ്ടി നേരത്തെ യു.ഡി.എഫ് കണ്‍വീനറും ധനമന്ത്രിയുമായിരുന്ന കാലത്ത് ശമ്പള പരിഷ്‌ക്കരണം അട്ടിമറിച്ചിട്ടുണ്ടെന്നും  ഇപ്പോഴത്തെ ശമ്പള പരിഷ്‌ക്കരണവും അട്ടിമറിക്കാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും ഉള്ള  എ.കെ ബാലന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 91 ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ശമ്പളപരിഷ്‌ക്കരണത്തിന് അഞ്ച് വര്‍ഷം എന്ന നയം മാറ്റിവെച്ച് പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ ഫിബ്രവരി 26 നാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2015, ഡിസംബർ 17, വ്യാഴാഴ്‌ച

ആര്‍.ശങ്കറിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്


തിരുവനന്തപുരം: ആര്‍.ശങ്കറിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്‍.ശങ്കറിന്റെ പൈതൃകം കവര്‍ന്നെടുക്കാന്‍ ബി.ജെ.പി.-വെള്ളാപ്പള്ളി സഖ്യം ഗൂഢനീക്കം നടത്തുന്നതായ ആരോപണത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. ആര്‍.ശങ്കര്‍ പ്രതിമയ്ക്കുമുന്നില്‍ നടത്തിയ പ്രാര്‍ഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നാക്കവിഭാഗത്തിന്റെ ഉന്നമനം, ക്ഷേമം എന്നിവയ്ക്കായി കോണ്‍ഗ്രസ് ഉയര്‍ത്തിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ നേതാവായിരുന്നു ആര്‍.ശങ്കര്‍. ഇന്ത്യയില്‍ത്തന്നെ സര്‍ക്കാര്‍തലത്തിലെ സമൂഹക്ഷേമപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചതും ആര്‍.ശങ്കര്‍ ആയിരുന്നു. ജീവിതാവസാനം വരെ നന്മയ്ക്കായി പ്രവര്‍ത്തിച്ച വലിയ മനുഷ്യന്റെ ഓര്‍മകള്‍ പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഡിസംബർ 16, ബുധനാഴ്‌ച

625 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണം


കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 625 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ നിര്‍ണായകമായ മൂന്നു പദ്ധതികള്‍ക്കും പ്രധാനമന്ത്രിയോട് കൂടിക്കാഴ്ചയില്‍ അനുമതി തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതി, നിലമ്പൂര്‍-നഞ്ചന്‍കോട് പാത എന്നിവയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിന് പുറമെ ശബരി റെയില്‍വെ യാഥാര്‍ഥ്യമാക്കാനുള്ള തുകയും ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സിന്‍ഹു കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും നാളീകേരത്തിന്റെ വിലയിടിവും ചര്‍ച്ചചെയ്തു. ഈ രണ്ട് ആവശ്യങ്ങളിലും കൃഷിമന്ത്രി വിശദമായ നിവേദനം നല്‍കി. ഭക്ഷ്യസുരക്ഷാ നയം നടപ്പിലാക്കുമ്പോള്‍ കേരളത്തിന് രണ്ട് ലക്ഷം ടണ്‍ അരിയുടെ കുറവ് വരുന്നുണ്ട്. അത് നികത്തിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അനാഥാലയങ്ങള്‍ക്ക് അരി അനുവദിക്കണം.

സി.ആര്‍.ഇസഡ് പ്രകാരം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, എയിംസിനായി നാല് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് പരിഗണിച്ച് ഈ വര്‍ഷം എയിംസ് അനുവദിക്കണം. തിരുവനന്തപുരം ആര്‍.സി.സി നാഷണല്‍ കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തണം. മലബാര്‍ കാന്‍സര്‍ സെന്റര്‍ റീജണല്‍ കാന്‍സര്‍ സെന്ററാക്കണം. കോടതി സ്‌റ്റേ നീക്കി 28 മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഇത് പ്രകാരം കേരളത്തിന് രണ്ട് സ്മാര്‍ട്ട് സിറ്റികള്‍ക്ക് കൂടി അവകാശമുണ്ട്. അതില്‍ ഒന്ന് തിരുവനന്തപുരത്ത് അനുവദിക്കണം.

നിബന്ധനകളില്‍ ഇളവ് നല്‍കി എയര്‍കേരളയ്ക്ക് അനുമതി നല്‍കണം. പാലോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കേന്ദ്രം ഏറ്റെടുക്കണം. ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കുറയ്ക്കാന്‍ ഇടപെടണം ഗെയിലിന്റെ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കുന്ന കാര്യം എപ്പോഴും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതാണ്. 503 കിലോമീറ്ററാണ് കേരളത്തില്‍ പൈപ്പിടേണ്ടത്. അതില്‍ 350 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 150 കിലോമീറ്റര്‍ കൂടിയേ ഏറ്റെടുക്കാനുള്ളൂ. അതിനാല്‍ പൈപ്പ് ഇടുന്ന ജോലി എത്രയും വേഗം ആരംഭിക്കണം. ഇവയാണ് കേരളം മുന്നോട്ട് വച്ച ആവശ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, ഡിസംബർ 15, ചൊവ്വാഴ്ച

ബാങ്കുകളുടെ സേവനം താഴെത്തട്ടിലെത്തണം


കൊച്ചി: ബാങ്കുകളുടെ സേവനം സമൂഹത്തിന്റെ താഴെത്തട്ടില്‍ വരെ എത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബിന്റെ 'ബിസിനസ്മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം വ്യവസായി സി.കെ. മേനോന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വിവിധ രംഗങ്ങളിലുള്ള ബാങ്കിങ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയ്ക്കും മുഖ്യമന്ത്രി നല്‍കി. 

2015, ഡിസംബർ 14, തിങ്കളാഴ്‌ച

ഇത് കേരളത്തോടുളള അവഹേളനം..


വിവാദങ്ങളിൽ നിന്ന് എന്നും അകന്നു നില്ക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്‌. പക്ഷെ വിവാദങ്ങൾ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തിൽ എപ്പോഴും എന്റെ പിന്നാലെയുണ്ട്. ഏറ്റവും ഒടുവിൽ ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടി ഉദ്ദേശിക്കാത്ത വിവാദങ്ങളിൽ എത്തിയത് കൊണ്ടാണ് എന്റെ ദുഃഖം ഞാൻ നിങ്ങളോട് പങ്കു വെയ്ക്കുന്നത്. മരിക്കുന്നത് വരെ ശ്രീ. ആർ. ശങ്കർ അടിയുറച്ച കോണ്‍ഗ്രെസുകാരൻ ആയിരുന്നു. കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് കെ. പി. സി. സി പ്രസിഡന്റ്‌ ആയി നിർണ്ണായക ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ്സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യ്ത നേതാവായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രഗത്ഭനായ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം നമ്മുടെ നാടിൻറെ അഭിമാനം ആണ്. അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദന പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം ഒരു ഭാഗ്യമായി ഞാൻ കണ്ടിരുന്നു. ക്ഷണിച്ചവർ തന്നെ വരണ്ട എന്ന് പറഞ്ഞപ്പോൾ ദുഃഖം തോന്നി. ഇതെന്റെ വ്യക്തിപരമായ കാര്യമല്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനു ശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവമാണ്‌. ഇത് കേരളത്തോടുള്ള അവഹേളനമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോൾ ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലും കോൺഗ്രസ് നേതാവ് കൂടിയായ മുൻ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോൾ വ്യവസ്ഥകളും, സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്. ഇത് ബി. ജെ. പി യുടെ പാർട്ടി പരിപാടി ആണെങ്കിൽ ആർക്കും പരാതി ഉണ്ടാവില്ല. ജീവിതത്തിൽ ഒരു നിമിഷം പോലും ജന സംഘത്തിന്റെ നയങ്ങളോടും, ആശയത്തോടും, തത്വ സംഹിതയോടും യോജിക്കാത്ത നേതാവായിരുന്നു ശ്രീ ആർ. ശങ്കർ.

ശ്രീ നാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ നേതൃത്വം നല്കിയ മഹാനായ വ്യക്തിത്വം. ശ്രീ നാരായണ ധർമ്മം പരിപാലിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ എസ്. എൻ. ഡി. പിക്കും എസ്. എൻ ട്രസ്റ്റിനും നേതൃത്വം നല്കിയ സമുന്നതനായ നേതാവായിരുന്നു ശ്രീ ആർ. ശങ്കർ. മഹാനായ ആ നേതാവിന്റ്റെ പ്രതിമ അനാച്ഛാദന പരിപാടി എങ്ങനെ ബി. ജെ. പി പരിപാടിയാകും? ശ്രീ നാരായണ ഗുരുദേവന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാനും സാമൂഹ്യ നീതി നടപ്പിലാക്കാനും വേണ്ടി സ്ഥാപിതമായ എസ്. എൻ. ഡി. പി യോഗത്തെ ബി. ജെ. പിയുടേയും ആർ. എസ്. എസ്സിന്റെയും പോഷക സംഘടനയാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പ്രബുദ്ധരായ ശ്രീ നാരായണീയരും, കേരളീയരും അത് അംഗീകരിക്കുമോ?

അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടെന്നു ഒരു സംശയം ഉയർന്നപ്പോൾ കക്ഷി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളം ഒറ്റ കെട്ടായി നില കൊണ്ടത്‌ വര്ഗീയ ശക്തികൾക്ക് ഒരു മുന്നറിയിപ്പാണ്. പ്രബുദ്ധ കേരളത്തിനു അപമാനകരമായ ഇത്തരം സംഭവങ്ങൾ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരളം ഒറ്റ കെട്ടായി നിലകൊള്ളുക തന്നെ ചെയ്യും.

ഈ വിവാദങ്ങൾക്ക് ഇടയിലും കേരളത്തിലെ പ്രഥമ സന്ദർശനത്തിന് എത്തുന്ന പ്രധാന മന്ത്രിയെ കേരളത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വിധത്തിൽ തന്നെ സ്വീകരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളോടുള്ള നമ്മുടെ കടപ്പാട് വ്യക്ത്തമാക്കലാണ്.

ഞാൻ ഇന്ന് എറണാകുളത്തു പോയി പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കും. മന്തി ശ്രീ കെ പി മോഹനൻ മിനിസ്റെർ ഇൻ വെയിട്ടിംഗ് ആയി രണ്ടു ദിവസം കൂടി ഉണ്ടായിരിക്കും. നാളെ തിരുവനന്തപുരത്ത് അദ്ദേഹത്തെ യാത്രയാക്കാൻ മന്ത്രിമാരോടൊപ്പം ഞാനും ഉണ്ടായിരിക്കും. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യാൻ ഈ അവസരം വിനിയോഗിക്കുകയും ചെയ്യും.

ആർ. ശങ്കറിനെ പോലെയുള്ള ഒരു നേതാവിന്റെ പേരിലുള്ള പരിപാടി സംഘ പരിവാറിന്റെ പരിപാടിയാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് എതിരെ ഉയർന്ന ശക്തമായ പ്രതികരണങ്ങളിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാവർക്കും പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ പ്രതിമ അനാച്ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തിനോടുള്ള ഏറ്റവും വലിയ ആദരവ്. അദ്ദേഹത്തിന്റെ ആത്മാവിന് പോലും പൊറുക്കാൻ കഴിയാത്ത, അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും അധിക്ഷേപിക്കുന്ന നടപടികൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. മതേതര കേരളത്തിന്റെ മഹത്വത്തെയോർത്തു ഞാൻ അഭിമാനിക്കുന്നു. നന്ദി... എല്ലാവർക്കും നന്ദി.



2015, ഡിസംബർ 12, ശനിയാഴ്‌ച

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമാണ്


ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ ഡാം നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നീ കാര്യങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ ഡാം അനിവാര്യമാണ്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 48 മണിക്കൂര്‍ തുടര്‍ച്ചയായി 60 സെന്റീമീറ്റര്‍ മഴ പെയ്താല്‍ ഡാമിലെ ജലനിരപ്പ് 160 അടി കവിയുമെന്നാണ് ഡല്‍ഹി ഐഐടിയുടെ ഹുസൈന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഒരിക്കലും ഉണ്ടാകില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. എന്നാല്‍ ചെന്നൈയിലുണ്ടായ കനത്ത മഴയും പ്രളയവും ഒരിക്കല്‍കൂടി ഈ വാദം ഉയര്‍ത്താന്‍ തമിഴ്‌നാടിനെ പ്രേരിപ്പിക്കില്ല. അതിനാല്‍ ഒരു ദുരന്തത്തിന് കാത്തിരിക്കാതെ എത്രയും വേഗം പുതിയ ഡാമെന്ന കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യം എത്രയും വേഗം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ഉടന്‍ വേണം


മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ പുതിയ അണ നിര്‍മിച്ചേ മതിയാവൂ. അത് ഇന്നുതന്നെ വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തമിഴ്‌നാടിന് ഒരുദിവസം പോലും വെള്ളം മുടങ്ങാതെ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

മൂന്നുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഡല്‍ഹി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി പി.ജെ. ജോസഫും കേന്ദ്രമന്ത്രിയെ കാണും.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് ഒരിക്കല്‍ പാരിസ്ഥിതികാനുമതി കിട്ടിയതാണ്. പിന്നീടാണ് നിഷേധിച്ചത്. തമിഴ്‌നാടിനോട് കേന്ദ്രത്തിന് മൃദസമീപനം ഉണ്ടെന്ന് പറയാനാവില്ല. നമുക്കും തമിഴ്‌നാടിനോട് മൃദുസമീപനമാണ്. അവിടെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം ആശ്രയം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണ്. അതിലൊന്നും ഒരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശ്യമില്ല.

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നത് രണ്ടുസംസ്ഥാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാവുന്ന കാര്യമാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷാ ആശങ്ക ഒഴിവാക്കിയേ പറ്റൂ. തമിഴ്‌നാടുമായുള്ള അടുത്ത ബന്ധത്തിന് കോട്ടം തട്ടാത്തവിധത്തില്‍ പ്രശ്‌നപരിഹാരത്തിന് തുടര്‍ന്നും ശ്രമിക്കും. നിയമപരമായും കേന്ദ്രസര്‍ക്കാരിനെ ഇടപെടുവിപ്പിച്ചും മുന്നോട്ട് പോകും-മുഖ്യമന്ത്രി പറഞ്ഞു. 

2015, ഡിസംബർ 8, ചൊവ്വാഴ്ച

വിഴിഞ്ഞത്തിന് ത്യാഗം ചെയ്തവര്‍ക്കായി എന്തും നല്‍കും


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി കിടപ്പാടവും തൊഴില്‍ സാഹചര്യങ്ങളും നഷ്ടപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവരുടെ ത്യാഗം കൊണ്ടാണ് ഈ പദ്ധതി യാഥാര്‍ഥ്യമായത്.

ഇവരുടെ പുനരധിവാസത്തിനായി ഇപ്പോള്‍ ഇറക്കിയ ഉത്തരവ് അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. ഇനി ഭാവിയെകുറിച്ച് ചിന്തിക്കണം. അതിനുള്ള നല്ല തുടക്കമാണിത്. ഇനി ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം പാടില്ല. ത്യാഗം ചെയ്തവരെയോര്‍ത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെയുള്ള സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍: വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണം


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി വരെയായ സാഹചര്യത്തില്‍ വൈഗ റിസര്‍വോയറിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയോട് ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും ഇതിന് അനുസൃതമായി തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ നീരൊഴുക്ക് കണക്കാക്കുമ്പോള്‍ ജലനിരപ്പ് 142 അടി കടക്കും. മുല്ലപ്പെരിയാറിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ ജലം കെട്ടിനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറുന്നുവിടുക ബുദ്ധിയല്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണമെന്ന് നിര്‍ദേശിക്കുന്നത്- മുഖ്യമന്ത്രി കത്തില്‍ പറയുന്നു.