UDF

2021, നവംബർ 27, ശനിയാഴ്‌ച

ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: ദാരിദ്ര്യത്തിനെതിരെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പോരാട്ടവിജയം

 


നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്.

ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തല്‍ (അധ്യായം 4, 4.1.) 2019-20ലെ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കണ്ടെത്തലുകള്‍ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം. നേട്ടത്തില്‍ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.

2015-16ല്‍ ബീഹാറില്‍ 51.91% ജനങ്ങള്‍ പട്ടിണിയിലായിരുന്നപ്പോള്‍ കേരളത്തിലന്ന് 0.71 % ജനങ്ങള്‍ മാത്രമായിരുന്നു. പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിര്‍വചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയില്‍ പിന്നിലെത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്കിയ സൗജന്യ റേഷന്‍, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട ഉള്‍പ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്.

നൂറു ശതമാനം സാക്ഷരത ആദ്യം കൈവരിച്ച കോട്ടയം ജില്ല, രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണ്.


#OcSpeaks