UDF

2021, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അഗതി മന്ദിരങ്ങളോടും സ്‌പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം

 


അനാഥ അഗതി വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് നല്‌കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷല്‍ സ്ഥാപനങ്ങളെ എയിഡഡ് ആക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക്‌ കത്ത് അയച്ചു.  

അനാഥ, അഗതി-വൃദ്ധ മന്ദിരങ്ങളും സ്‌പെഷല്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിലാണ്. ഒരൊറ്റ സ്‌പെഷല്‍ സ്‌കൂള്‍ മാത്രം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ-സമുദായ സേവന സംഘടനകളുടെ നേതൃത്വത്തില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്ന 276 സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുരിതംപേറുന്ന ഈ വിഭാഗങ്ങളോട് ഏറ്റവുമധികം സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്നതിനു പകരം അവരെ മഹാദുരിതത്തിലേക്കു വലിച്ചെറിയുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാവകാശമായി നല്കുന്ന രാജ്യത്ത്, ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും സുമനസ്സ് കൊണ്ട് പഠിക്കുകയോ ചെയ്യുന്ന നിര്‍ദ്ധനരാണ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യം ഉള്‍ക്കൊണ്ടാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന നൂറ് കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങളെ ആദ്യ വര്‍ഷവും 50, 25 കുട്ടികള്‍ ഉള്ള സ്ഥാപനങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചത്.

അഗതി അനാഥ വൃദ്ധാലയങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എത്രയോ മനുഷ്യ ജീവിതങ്ങള്‍ പെരുവഴിയില്‍ കിടന്നു ദുരിതങ്ങള്‍ അനുഭവിച്ചു മരിക്കേണ്ടിവരുമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ കുട്ടികളെ സ്‌നേഹവും കരുതലും നല്കി സംരക്ഷിക്കുന്ന നിസ്വാര്‍ത്ഥരായ സംഘടനകളെ സഹായിക്കേണ്ട ബാദ്ധ്യത ഗവണ്‍മെന്റിനുണ്ട്. ലാഭേച്ഛയോടെ ആരും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നില്ല എന്ന വ്യക്തമായ ബോദ്ധ്യമാണ് എനിക്കുള്ളത്. മറിച്ചുണ്ടെങ്കില്‍ അത് അന്വേഷിച്ചു  സര്‍ക്കാരിന് അവരെ മാറ്റി നിര്‍ നിർത്താം.

യു.ഡി.എഫ്. ഗവണ്‍മെന്റ് ആരേയും പ്രീണിപ്പിക്കുവാന്‍ എടുത്ത തീരുമാനമല്ലിത്. സമൂഹത്തില്‍ ഏറ്റവും അധികം പരിഗണിക്കേണ്ടവരെയാണ് ഈ ഗവണ്‍മെന്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും പുന:പരിശോധിച്ച് അടിയന്തരമായി തുടര്‍ നടപടികള്‍ നടപ്പിലാക്കണം.