UDF

2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

പെരിയയിലെ കൊലപാതകികള്‍ക്ക് സംരക്ഷണം ; സർക്കാർ വലിയ വില നൽകേണ്ടിവരും

 

കാസർഗോഡ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് നടന്ന കൃപേഷ്-ശരത്ത്ലാൽ സ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്തു.

സിപിഎം ക്രിമിനലുകൾ അതിക്രൂരമായി കൊലപ്പെടുത്തിയ ശരത് ലാലിന്റെയും കൃപേഷിന്റെയും  വേർപാട് സൃഷ്ടിച്ച ദുഃഖം കേരളം മുഴുവനും നിറഞ്ഞ് ഇപ്പോഴും നിൽക്കുന്നു. നാടിന്റെ രണ്ട് ഓമനകൾ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. സിപിഎമ്മിന്റെ  ക്രൂരമായ സമീപനത്തിന്റെ ഇരകളാണ് രണ്ട് സഹപ്രവർത്തകരും. 

ഈ ക്രൂരമായ സംഭവത്തിൽ സർക്കാരിന്റെ പ്രതികരണമാണ് ഏറെ വേദനിപ്പിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബാധ്യതപ്പെട്ട സർക്കാർ കുറ്റവാളികളെ പരസ്യമായി സംരക്ഷിക്കുന്നതാണ് കാണാൻ സാധിച്ചത്. അതിനായി ഖജനാവിലെ പണം ധൂർത്തടിച്ചു. ഇത് സമാധാനപ്രിയരായ ജനങ്ങളെ  ഭയപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു കൊലപാതകം നടന്നാൽ വാദികൾക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളേന്നത്.  എന്നാൽ യാതൊരു മനസ്സാക്ഷിയുമില്ലാതെ പ്രതികളെ സംരക്ഷിക്കാൻ ഇറങ്ങി. എന്തു മാർഗ്ഗം ഉപയോഗിച്ചും സിബിഐ അന്വേഷണം  തടയാനാണ് ഇടതുസർക്കാർ ശ്രമിച്ചത് . ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കോടികളാണ് പ്രതികളെ സംരക്ഷിക്കാൻ ഇടതു സർക്കാർ ചെലവഴിച്ചത്. സുപ്രീം കോടതി നിർദ്ദേശം ഉണ്ടായപ്പോൾ കേസുമായി സഹകരിക്കാൻ സർക്കാർ തയ്യാറായില്ല.

 ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല ഈ പ്രവർത്തികൾ. എന്തിനും ഒരു പരിധിയുണ്ട്. ഈ വിഷയത്തിൽ എല്ലാ പരിധികളും ലംഘിച്ചാണ്‌ ഇടത് സർക്കാർ മുന്നോട്ട് പോകുന്നത്.