UDF

2021, ജനുവരി 25, തിങ്കളാഴ്‌ച

ഏതന്വേഷണവും നേരിടാം, കോടതിയെ സമീപിക്കില്ല, ഈ നീക്കം സര്‍ക്കാരിന് തിരിച്ചടിയാകും

 


ഏതന്വേഷണത്തിനും തയ്യാറാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്നതില്‍ മൂന്നു വര്‍ഷവും സോളാര്‍ സമരം നടത്തുകയായിരുന്നു. അധികാരത്തില്‍ വന്നിട്ട് അഞ്ചു വര്‍ഷമായിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത്. പരാതിക്കാരി ഇതുവരെ എവിടെയായിരുന്നു?.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ദിവസം അടിയന്തിരമായി മന്ത്രിസഭാ യോഗം കൂടി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് തങ്ങള്‍ കോടതിയില്‍ കമ്മീഷന്റെ വഴിവിട്ട നിലപാട് ചൂണ്ടിക്കാണിച്ചപ്പോള്‍ കോടതി അത് അംഗീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം നീക്കാനുള്ള കോടതിയുടെ വിധിയുണ്ടായി. ആ വിധിയോട് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലിനു പോയില്ല. ഇക്കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളോട് സര്‍ക്കാരിന് മറുപടി പറുപടി പറയേണ്ടിവരും.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന ഒരു കൂടിക്കാഴ്ച സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതു സംബന്ധിച്ച് ആളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ മാന്യതകൊണ്ടാണ്, ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാരിന്റെ നടപടി സര്‍ക്കാരിനു തന്നെ തിരിച്ചടിയാകും എന്ന കാര്യം ഉറപ്പാണ്‌. സര്‍ക്കാര്‍ ഇതിന് ജനങ്ങള്‍ക്ക് മുന്നില്‍ തിരിച്ചടി നേരിടേണ്ടിവരും.

സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ല. അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നത് .

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്‌.

ഈ കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും.