UDF

2019, ജൂലൈ 15, തിങ്കളാഴ്‌ച

രാജ്യത്ത് ജനാധിപത്യം അപകടത്തിൽ

കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

രാജ്യത്തിന്റെ ജനാധിപത്യം ഗുരുതരമായ അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രിയുടെ ഒത്താശയോടെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. പ്രധാനമന്ത്രി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നു. ഗോവയിലും മേഘാലയയിലും ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സര്‍ക്കാര്‍ തട്ടിക്കൂട്ടാന്‍ അവസരമൊരുക്കുന്നു.  

പണം ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുവശത്ത് ശ്രമിക്കുമ്പോള്‍, മറുവശത്ത് എന്ത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ചും ക്യാമ്പസുകളിലെ ജനാധിപത്യം അട്ടിമറിക്കാന്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും ശ്രമിക്കുന്നു. അക്രമങ്ങളിലൂടെ ക്യാമ്പസ്സുകളെ കലാപഭൂമിയാക്കി മാറ്റുന്ന ശ്രമങ്ങളെ കേരളസമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കും.

കേരളാ വിദ്യാർത്ഥീ പ്രസ്ഥാനം ഇന്ന് ഈ കാലഘട്ടത്തിന്റെ ശബ്ദമാണ് . അക്രമ സമരത്തിലൂടെ ക്യാമ്പസുകളെ കലാപശാലകളാക്കി മാറ്റുന്ന കിരാതന്മാരുടെ വിളയാട്ടത്തിനെതിരെയുള്ള സത്യത്തിന്റെ ശബ്ദം. സമരമുഖങ്ങളിൽ ഈ നീല പതാക ഉയരുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശങ്ങൾക്കു വേണ്ടിയാണ്. പരസ്പരം കൈത്താങ്ങായ്, നീതിക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കാനുള്ള ആർജ്ജവമാണ് ഓരോ കെ.എസ് യു ക്കാരന്റെയും സ്വത്ത്.

 വിദ്യാർത്ഥി സംഘടനാ എന്ന പേരിൽ ആയുധവും ഗുണ്ടായിസവും കൊണ്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കാൻ  ശ്രമിക്കുന്നവർ ക്യാമ്പസുകളെ വെറും അക്രമ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നത് തികച്ചും ഖേദകരമാണ്. ഈ സാഹചര്യങ്ങളിലാണ് കെ.എസ്. യു എന്ന പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സൗഹൃദ സമീപനവും നീതിയ്ക്കായുള്ള പോരാട്ടങ്ങളും വേറിട്ട ശബ്ദമായ്, വീര്യമായ് മാറുന്നത്.