UDF

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും


രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും. കേരളത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണ് അതിന് ഉത്തരവാദി സിപിഎം തന്നെയാണ്. 

ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്ന ന്യായ് അടക്കമുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമുള്ള പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ന്യായ് പോലുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തതാണെന്നുള്ള ആരോപണമൊന്നും ഇപ്പോള്‍ ആരും ഉന്നയിക്കുന്നില്ല.

കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും ഉണ്ടാക്കില്ലെന്നുള്ള തീരുമാനത്തിന്റെ ചുഴിയില്‍ കിടന്ന് കറങ്ങുകയാണ് സിപിഎം. ബിജെപിക്ക് എതിരായി ജനാധിപത്യ മതേതര പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്നും അതില്‍ ഇടതുപക്ഷ കക്ഷികള്‍ ഉണ്ടാകണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്റെ പിടിവാശി കാരണം അത് നടക്കാതെ പോയി. ഇടതുപക്ഷവുമായുള്ള ആശയപരമായ ഏറ്റുമുട്ടല്‍ ഇനിയും തുടരുമെന്നുതന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തനിക്കെതിരെയുള്ള സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക്  തന്റെ വായില്‍നിന്ന് മറുപടിയുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് രാഹുല്‍ ഗാന്ധിയുടെ മഹത്വമാണ്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തില്‍ മറ്റിടങ്ങളില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കും. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി തന്നെയാണ്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് എതിരായി മറ്റു പാര്‍ട്ടികളുണ്ട്. കേരളത്തില്‍ ബിജെപി ഒരു കാരണവശാലും മുന്നോട്ടുപോകില്ല. 2014ലെ മോദിയല്ല 2019ല്‍ ഉള്ളത്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയും നേതാവുമാണ് ഇപ്പോഴുള്ളത്.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ ആത്മാര്‍ഥത തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ശബരിമലയെ ഒരു സുവര്‍ണാവസരമാക്കാനായിരുന്നു അവരുടെ ശ്രമം. കോണ്‍ഗ്രസിന് ബിജെപിയുടേയും സിപിഎമ്മിന്റേയും നിലപാടിനോട് യോജിപ്പില്ല. നിയമപരമായി ശബരിമല വിഷയത്തിന് പോംവഴിയുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കും. തിരഞ്ഞെടുപ്പില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് വിശ്വാസികള്‍ തീരുമാനിക്കട്ടെ.