UDF

2018, ഡിസംബർ 27, വ്യാഴാഴ്‌ച

വർഗീയ മതിൽ പൊളിയുമ്പോൾ ന്യൂനപക്ഷങ്ങളെ കൂട്ടാൻ ശ്രമം


സി.പി.എം നടത്തുന്ന വർഗ്ഗീയ വനിതാ മതിലിന് വിശ്വാസികളുടെ പിന്തുണ ലഭിക്കില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് മത ന്യൂനപക്ഷങ്ങളെയും കൂട്ടുവാൻ തീരുമാനിച്ചത്. മതമേലദ്ധ്യക്ഷന്മാരെയും കൂട്ടുമെന്ന പ്രഖ്യാപനം വനിതാ മതിൽ മനുഷ്യ മതിൽ ആക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. വനിതാ മതിൽ രൂപീകരണത്തിനായി താഴേതട്ടിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കിയ സി.പി.എംന് വൈകി വന്ന ബോധോദയമാണ് മനുഷ്യ മതിലും ന്യൂനപക്ഷ പങ്കാളിത്തവും.

വനിതാ മതിൽ പ്രഖ്യാപിച്ച ശേഷം സർക്കാരും സി.പി.എം ഉം പല തവണ കാര്യങ്ങൾ മാറ്റിപ്പറഞ്ഞു. വേണ്ടത്ര ആലോചനയില്ലാതെ സി.പി.എം എടുത്ത തീരുമാനമായിരുന്നു വർഗ്ഗീയ മതിൽ എന്നത് വ്യക്തമാണ്.

സർക്കാർ ഖജനാവിലെ പണം വനിതാ മതിലിനായി വിനിയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും പ്രസ്ഥാവനകളാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഫണ്ട് വിനിയോഗിക്കുമെന്ന് ആദ്യം പറഞ്ഞു. പുതിയ ഫണ്ട് ഇതിന് വേണ്ടി നൾകില്ലെന്നും വകുപ്പുകൾക്ക് വേണ്ടി നീക്കി വച്ച തുകയിൽ നിന്നും ഇതിന്റെ ചെലവ് വഹിക്കാമെന്നും പിന്നീട് തിരുത്തിപ്പറഞ്ഞു. അതിനും എതിർപ്പ് വന്നപ്പോൾ സർക്കാർ ഫണ്ട് വനിതാ മതിലിനായി വിനിയോഗിക്കില്ല എന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പ്രഖ്യാപിച്ചു. പക്ഷേ ഹൈക്കോടതിയിൽ സർക്കാർ കൊടുത്ത സത്യവാങ്മൂലം പ്രകാരം വനിതാ-ശിശു ക്ഷേമത്തിന് വക കൊള്ളിച്ചിട്ടുള്ള 50 കോടി രൂപയിൽ നിന്നും വനിതാ മതിലിനായി ചെലവഴിക്കും എന്ന് വ്യക്തമാകുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള ഫണ്ട് വനിതാ മതിലിനായി ചെലവഴിക്കുന്നതിൽ തെറ്റില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ എതിർപ്പ് ഇക്കാര്യത്തിൽ ഉയർന്ന് വരികയും മുഖ്യമന്ത്രിക്കെതിരെ ശ്രീ.K.C.ജോസഫ് MLA അവകാശ ലംഘന നോട്ടീസ് നൾകുകയും ചെയ്തതോടെ സർക്കാർ വീണ്ടും മലക്കം മറിഞ്ഞു.

വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കുന്നു എന്നതിനെക്കാൾ ദുഃഖിപ്പിക്കുന്ന ഒരു വാർത്ത പത്രത്തിൽ കണ്ടത് ഞെട്ടിച്ചു. ഒറ്റപ്പാലത്ത് സാമൂഹ്യക്ഷേമ പെൻഷൻ ലഭിച്ചവരിൽ നിന്നും 100, 50 രൂപാ കണക്കിൽ വനിതാ മതിലിനായി നിർബന്ധപൂർവ്വം വാങ്ങിയെന്നാണ് വാർത്ത. ആക്ഷേപം ശരിയാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്നും വാർത്തയിലുണ്ട്. മറ്റൊരു വരുമാനവും ഇല്ലാത്ത പാവങ്ങളുടെ സാമൂഹിക ക്ഷേമ പെൻഷൻ തുക ഭീഷണിയിലൂടെ കവർന്നെടുത്ത് വർഗ്ഗീയ മതിൽ തീർക്കാനുള്ള സി.പി.എം ശ്രമം അത്യന്തം ഹീനവും അപലപനീയവുമാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തുടക്കം മുതലേ അടവുകളെല്ലാം പാളിയ മുഖ്യമന്ത്രിയുടേയും സി.പി.എം ന്റേയും സമനില തെറ്റിയ നടപടികളാണ് വനിതാ മതിലിന്റെ കാര്യത്തിൽ നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.

എൻ.എസ്.എസ്  വനിതാ മതിലിനെ എതിർക്കുന്നത് ആർ.എസ്.എസ് നെ സഹായിക്കാനാണ് എന്ന സി.പി.എം ആരോപണത്തിന്റെ വാസ്തവം ജനങ്ങൾക്ക് മനസ്സിലാകും. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിശ്വാസ സംരക്ഷണത്തിനും ആചാര അനുഷ്ഠാനങ്ങളുടെ നിലനിൽപ്പിനും വേണ്ടി നില കൊണ്ട എൻ.എസ്.എസ്  വർഗ്ഗീയ മതിലിനെ എതിർക്കുന്നത് പ്രഖ്യാപിത നയത്തിന്റെ ഭാഗമാണെന്ന് എല്ലാപേർക്കും അറിയാം.

വർഗ്ഗീയ വനിതാ മതിൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ദൗർഭാഗ്യകരമായ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അനുദിനം ഒറ്റപ്പെടുന്ന മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും സി.പി.എം ന്റേയും ആശയക്കുഴപ്പങ്ങളുടെ പ്രതിഫലനങ്ങളാണ് ഈ ചുവട് മാറ്റങ്ങൾ എല്ലാം തന്നെ.

വർഗ്ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരെ എന്നും നിലകൊണ്ടിട്ടുള്ള കേരള ജനത ചരിത്രം ആവർത്തിക്കും എന്ന് എനിക്കുറപ്പുണ്ട്.