UDF

2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം

യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നത്. 

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു.

ഭരണം പൂര്‍ണമായി സ്തംഭിച്ചു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുകയാണ്. സര്‍ക്കാറിന്റെ 15 മാസത്തെ വികസനം വട്ടപൂജ്യമാണ്. അധികാരത്തിലേറി ഇത്രയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിനായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണം. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള താക്കീതായിരിക്കണം ഉപതിരഞ്ഞെടുപ്പ്. ജനവിരുദ്ധനയങ്ങള്‍ കാരണം ബി.ജെ.പിക്കും സി.പി.എമ്മിനും തലകുനിച്ച് വോട്ടഭ്യര്‍ഥിക്കേണ്ട അവസ്ഥയാണുള്ളത്. വേങ്ങരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.