UDF

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ആഗോളനേട്ടം കൈവരിച്ച സ്റ്റാർട്ടപ്പ് കമ്പനിക്ക് തുണയായത് യുഡിഎഫ് സർക്കാർ


നമ്മുടെ സ്റ്റാർട്ട് അപ്പ് വില്ലേജ് കേരളത്തിന്റെ സ്വപ്നങ്ങളുടെ ഒരു ഗ്രാമമാണ്. ഡിജിറ്റൽ ലോകത്തു യുവസംരഭകത്വം എന്ന സ്വപ്നങ്ങളുമായെത്തിയ യുവാക്കൾക്ക് വേണ്ടി ഈ ഗ്രാമം നിർമ്മിക്കാനായി എന്നത് കഴിഞ്ഞ സർക്കാരിനെ നയിച്ച വ്യക്തിയെന്ന നിലയിൽ എന്നെ ഏറെ അഭിമാനപ്പെടുത്തുന്നു. ഇന്ന് ഈ സ്റ്റാർട്ട് അപ്പ് വില്ലേജിലുള്ള "പ്രൊഫൗണ്ടിസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്റ്റാർട്ട് അപ്പ് കന്പനിയുടെ വിജയം അതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. വ്യക്തികളേയും കന്പനികളേയും കുറിച്ചുള്ള വിശദാംശങ്ങൾ ഇന്റർനെറ്റിൽ ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് പ്രൊഫൗണ്ടിസ് വികസിപ്പിച്ചത്. ഒരാളുടെ ഇമെയിൽ വിലാസം നൽകിയാൽ അയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന സോഫ്റ്റ്വെയറാണിത്.

സാധാരണകാരായ നാലു ചെറുപ്പക്കാരാണ് വികസനത്തിൻറെ മാറ്റത്തിനൊപ്പം നിന്ന് ഈ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നിട്ട്, കഷ്ട്ടപ്പാടിനിടയിലും അവർക്ക് കരുത്തു പകർന്ന ഇവരുടെ മാതാപിതാക്കളെ ഞാനാദ്യം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഒപ്പം ഈ കന്പനിയുടെ അമരക്കാരനായ അർജുൻ ആർ പിള്ള, ജോഫിൻ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിൻ സാം ഉമ്മൻ എന്നിവർക്കും അഭിനന്ദനം.

സാങ്കേതികവിദ്യയുടെ മാറ്റത്തെ എതിർക്കാതെ കൈപിടിച്ചു നിന്ന ചരിത്രമാണ് എക്കാലത്തെയും യുഡിഫ് സർക്കാരുകൾക്ക് ഉണ്ടായിരുന്നത്. ഇതേ പാതയിൽ നിന്ന് പ്രധാനമന്ത്രിയെ സാക്ഷിയാക്കി 2012 സെപ്റ്റംബർ 12ന് സ്റ്റുഡെന്റ സ്റ്റാർട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് വിദ്യാർത്ഥി സംരംഭകർക്കു കരുത്ത് പകരാനായിരുന്നു. രാജ്യത്താദ്യമായായിരുന്നു ഇത്തരമൊരു നയം തന്നെ. ആ പ്രഖ്യാപനം ഏറ്റെടുത്ത പോലെ സ്റ്റാർട്ട് അപ്പ് കന്പനികൾ ഏറെയുണ്ടായി. അപ്പോഴും പലരും ഉന്നയിച്ച സംശയം കേരളത്തിന് ഒരു വലിയ നേട്ടം സാധിക്കുമോ എന്നാണ്. അതിനുള്ള തെളിവാണ് പ്രൊഫൗണ്ടിസിന്റെ വിജയകഥ. മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ കേരളത്തിൽ തന്നെ നിൽക്കാൻ പ്രൊഫൗണ്ടിസ് ശ്രമിച്ചത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കേരളത്തിന് ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ രംഗത്തു വൻ കുതിച്ചു ചാട്ടങ്ങൾ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്ന് ഇനിയുമുണ്ടാകും.

അനുദിനം മാറുന്ന ഡിജിറ്റൽ ലോകം എന്താണെന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമമായിരുന്നു വിദ്യാർഥികളുടെ സിലിക്കൺ വാലി യാത്ര. നേരിട്ട് കണ്ടും അനുഭവിച്ചറിഞ്ഞും അവർ പഠിച്ചത് പ്രാവർത്തികമാക്കിയപ്പോൾ അതിൽ നിന്ന് വിജയ കഥകൾ പലതുമുണ്ടായി. സിലിക്കൺ വാലിയിലെ പരിശീലനം കഴിഞ്ഞു വന്ന കുട്ടികളെ ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് ക്ഷണിച്ചാണ് അവരുടെ അനുഭവവും വിജയവും നേരിട്ട് മനസ്സിലാക്കി മന്ത്രിസഭ അവരെ ആദരിച്ചത്. പ്രൊഫൗണ്ടിസിന്റെ നേട്ടത്തിന്റെ കഥയിൽ ഒരു ചെറിയ വരി കഴിഞ്ഞ സർക്കാരിനെഴുതി ചേർക്കാനായി. 2013ൽ മൈക്രോസോഫ്റ്റിന്റെ ബ്ലാക്ക് ബോക്സ് കണക്കിലേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ സിലിക്കൺ വാലിയിലേക്ക് പോകാൻ അവർക്ക് 7 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. ആ യാത്രയാണ് പ്രൊഫൗണ്ടിസിന്റെ ഭാവി മാറ്റിയത് എന്ന വാർത്ത അഭിമാനാർഹമാണ്. ഐ.റ്റി ഡിപ്പാർട്ടമെന്റീന്റെ നേതൃത്വവും സംഭാവനയും ഈ കാര്യങ്ങളിലെല്ലാം പ്രശംസനീയമാണ്.

നയരൂപീകരണത്തിൽ രണ്ട് സർക്കാരുകൾ തമ്മിലുള്ള വൈരുദ്ധ്യമാണ് വികസനത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നത്. ഇടത് സർക്കാർ സ്റ്റാർട്ട് അപ്പ് കന്പനികളുടെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വികസനത്തിന്റെ തുടർച്ച മുന്നോട്ടു കൊണ്ടുപോകാനാണെന്ന് വിശ്വസിക്കുന്നു. ലോകത്ത് സ്റ്റാർട്ട് അപ്പ് കന്പനികളുടെ കുതിച്ചു ചാട്ടം നടക്കുന്പോൾ നമ്മൾ പിന്നിലായി പോകരുത്. കംപ്യൂട്ടർ രംഗത്തു ഉണ്ടായ തിരിച്ചടി നമുക്ക് ഭാവിയിൽ ഉണ്ടായിക്കൂടാ. വരും കാല സ്റ്റാർട്ട് അപ്പ് കന്പനികളുടെ വിജയത്തിനായി ഫൗണ്ടേഷൻ തീർത്ത പ്രൊഫൗണ്ടിസിന് ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കേരളത്തിൽ വിജയത്തിന്റെ പുതുമയാർന്ന വഴിയിലൂടെ നടന്ന ഇവരെ അഭിനന്ദിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും പങ്കുചേരണം