UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Minorities എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Minorities എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

പീയുഷ് ഗോയലിന്റെ നിലപാട് ന്യൂനപക്ഷ വിരുദ്ധം.

 


ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണ്.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്.

ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്. എന്നാല്‍ എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലീസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.




2021, മാർച്ച് 24, ബുധനാഴ്‌ച

കന്യാസ്ത്രീകള്‍ക്കു നേരേ ആക്രമണം : കുറ്റക്കാര്‍ക്കെതിരെ നടപടി വേണം

 


ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല്  കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച്  ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറ്റക്കാര്‍ക്കെതിരേ  കര്‍ശന നടപടി എടുക്കണം.

സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന്  ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത്.  വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ  ട്രെയിനില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികള്‍ക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ, യുഎപിഎ പ്രകാരം ജയിലിലടച്ച ജസ്യൂട്ട് വൈദികന്‍ ഫാ സ്റ്റാന്‍ സ്വാമിക്ക്  ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ ജയില്‍മോചനം  നീളുകയാണ്.   പാര്‍ക്കിന്‍സന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ വലയുന്ന 83 വയസുള്ള ഫാ സ്റ്റാന്‍ സ്വാമി 6 മാസമായി ജയിലിലാണ്.

ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണ്.

2019, ഡിസംബർ 25, ബുധനാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ടെ. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനുമല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണം. 

ജനാധിപത്യ രാജ്യത്ത് കേള്‍ക്കേണ്ട സ്വരമല്ല ഭരണാധികാരികളുടെ വായില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്തെയും ജനങ്ങളെയും മറന്ന് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്.

2019, ഡിസംബർ 16, തിങ്കളാഴ്‌ച

പൗരത്വ ഭേദഗതി ബിൽ: ഭരണഘടനാവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്


പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്. മതത്തിന്‍റെ പേരിൽ പൗരത്വം നിർണയിക്കുന്ന ഈ നിയമം ഭരണഘടന നൽകുന്ന തുല്യാവകാശത്തെയും അതിലുപരി മനുഷ്യാവകാശത്തെയും ലംഘിക്കുന്നതുമാണ്. നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക്‌ വേണ്ടിയുള്ള നീക്കത്തിന്‍റെ പ്രധാന ചുവടുവെപ്പാണ്. മുത്തലാക്ക് ബില്ലും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയലും കഴിഞ്ഞു, പൗരത്വ നിയമത്തിലൂടെ ബി.ജെ.പി സർക്കാർ മതത്തിന്‍റെ പേരിൽ ഇന്ത്യയുടെ ഐക്യത്തെ തകർക്കുന്ന അജണ്ടയുടെ വേഗത കൂടിയിരിക്കുകയാണ്. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറാൻ പോകുന്ന ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

1947-ൽ എങ്ങനെയാണ്, ഏത് ആശയത്തിന്‍റെ പേരിലാണ് രാജ്യം വിഭജിക്കപ്പെട്ടതെന്നും പാക്കിസ്ഥാൻ രൂപീകൃതമായതെന്നും നമുക്ക് അറിയാവുന്നതാണ്. മതത്തിന്‍റെ പേരിൽ പൗരത്വം അനുവദിക്കുന്ന നിയമത്തിലൂടെ “നാനാത്വത്തിൽ ഏകത്വം” എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് നമ്മൂടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ആശങ്കപ്പെടുകയാണ്. പാർലമെന്‍റിനുള്ളിൽ വിനാശകരമായ കുറെയേറെ ലക്ഷ്യങ്ങളും, അതിലേക്ക് എത്താനായി ഒരുകൂട്ടം നുണകളുമായാണ് ഭരണകക്ഷി പ്രവർത്തിക്കുന്നത്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും, രാഷ്ട്രീയമായും നമ്മൾ ഒറ്റക്കെട്ടായി നേരിടണം.

#NationAgainstCAA

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഹജ്ജ് സബ്‌സിഡി: സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ല.

ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ള ഹജ്ജ്‌ ക്യാമ്പിൽ എം.എൽ.എ. മാരായ വി.പി. സജീന്ദ്രൻ, അൻവർ സാദാത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്നുമൊപ്പം സന്ദർശനം നടത്തിയപ്പോൾ.

ഹജ്ജ് സബ്‌സിഡിയെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളോട് യോജിക്കാനാവില്ല. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

ഹജ്ജ് സബ്‌സിഡി ആരുടെയും ഔദാര്യമല്ല. ചോദിച്ച് വാങ്ങിയതുമല്ല, സ്വതന്ത്ര ഭാരതം എടുക്കുന്ന ഓരോ നിലപാടുകളും ലോക രാജ്യങ്ങള്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. ന്യൂനപക്ഷ മത വിഭാഗങ്ങളോടുള്ള ഉത്തമ സമീപനത്തിന്റെ ഉദാഹരണമായി ഹജ്ജ് സബ്‌സിഡി വിലയിരുത്തിയിരുന്നു.


മതേതരത്വമെന്നതു കൊണ്ട് മതമില്ലാത്ത രാജ്യമെന്ന് അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. മതവിശ്വാസമില്ലാത്തവര്‍ക്ക് അവരുടെ ആശയങ്ങളും പ്രചരിപ്പിക്കാം. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനു പകരം സബ്‌സിഡിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യും.  


2016, ജൂലൈ 13, ബുധനാഴ്‌ച

ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം.


ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് എല്ലാവരെയും വിശ്വാസത്തിലെടുക്കണം. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.  

ചില വ്യക്തികള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ ഒരു സമുദായത്തെയോ മതത്തെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. മുസ്ലീം സമുദായം ഒറ്റക്കെട്ടായി ഭീകരവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാനും, ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണാന്‍ നമുക്ക് ചുമതലയുണ്ട്. സമുദായ സൗഹാര്‍ദ്ദത്തിന് വിഘാതമായ വാര്‍ത്തകളും, പ്രചരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയമമാര്‍ഗത്തിലൂടെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

2016, ജനുവരി 4, തിങ്കളാഴ്‌ച

അസഹിഷ്ണുതയുടെ കാലഘട്ടത്തെ കൂട്ടായി ചെറുക്കണം


എടപ്പാള്‍: രാജ്യം അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ ഇത്തരം വാസനകളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എടപ്പാള്‍ ദാറുല്‍ ഹിദായ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായങ്ങള്‍ പറയാനും ആശയങ്ങള്‍ പങ്കുവെക്കാനും സ്വന്തം സൃഷ്ടികള്‍ സമൂഹത്തിലവതരിപ്പിക്കാനും ഓരോ പൗരനും അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പതിറ്റാണ്ടുകളായി ഇതനുവദിക്കുന്നതാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ ചില കോണുകളില്‍നിന്ന് വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുന്നത്. ഇത്തരം അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനുമിടയ്ക്ക് പരസ്​പരസ്‌നേഹവും ശാന്തിയും വിളംബരംചെയ്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളാണ് നമുക്ക് പ്രത്യാശ നല്‍കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഷികാഘോഷ നഗരിയില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ മനോഹരമായ കവാടം പരിസ്ഥിതിക്കിണങ്ങുംവിധം നിര്‍മിച്ച ഡിസൈനര്‍ നാസറിനുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. 


2015, ഡിസംബർ 19, ശനിയാഴ്‌ച

ന്യൂനപക്ഷ ക്ഷേമം; സംസ്ഥാനം മുന്നില്‍


തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പാക്കിയതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച ലോക ന്യൂനപക്ഷ അവകാശദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്റെ വെബ്‌സൈറ്റ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. 

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

സാമുദായിക സൗഹാര്‍ദം രാജ്യത്തിന്റെ ശക്തി


 രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി സാമുദായിക സൗഹാര്‍ദമാണന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു നന്മയും സ്‌നേഹവും പരസ്പരവിശ്വാസവുമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വെഞ്ചരിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനവും ഭക്തസംഘടനാ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദേവാലയങ്ങള്‍ നാടിന്റെ ചരിത്രത്തോടു ബന്ധപ്പെട്ടതാണ്. സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും വേദികളായി ദേവാലയങ്ങള്‍ മാറണം. നമ്മുടെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു നാം മറ്റുള്ളവരെ ആദരിക്കണം. നല്ല വിശ്വാസങ്ങള്‍ വരുംതലമുറയ്ക്കു പകര്‍ന്നുനല്‍കുക എന്നതാണു നമ്മുടെ കടമയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശതാബ്ദി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാനവും  മുഖ്യമന്ത്രി നിര്‍വഹിച്ചു. 

2015, ഏപ്രിൽ 18, ശനിയാഴ്‌ച

ആദിവാസികളുടെ ഭൂമിവിതരണം ഉടന്‍ പൂര്‍ത്തിയാക്കും


 ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉടന്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ 32,000 അപേക്ഷകള്‍ തീര്‍പ്പാക്കി. ഇനി 7000 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് ഉടന്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് സംഘടിപ്പിച്ച കാനനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വനത്തില്‍ ഒതുങ്ങിക്കഴിഞ്ഞവരെ നാടിന് ആവശ്യമുണ്ട്. അവര്‍ നാടിന്റെ സമ്പത്താണെന്നും ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

മതേതരത്വത്തിന് പോറലേല്പിക്കുന്നവരെ പരാജയപ്പെടുത്തണം



 മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും പോറലേല്പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. രജതജൂബിലി ഗ്രാന്റ് ഫിനാലെ സമാപന സമ്മേളനത്തില്‍ 25,000 സന്നദ്ധസേവകരെ നാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണം. സമൂഹത്തിന്റെ വികാരം ഒപ്പിയെടുക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി നന്മ, സ്‌നേഹം, കരുതല്‍ എന്നിവ ചെയ്യാനും വിഖായ വളണ്ടിയര്‍മാര്‍ക്ക് (സന്നദ്ധസേവകര്‍ക്ക്) കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പുഴയ്ക്കല്‍പ്പാടത്ത് തയ്യാറാക്കിയ 'സമര്‍ഖന്ദ്' വേദിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

സാമുദായിക സന്തുലനം സര്‍ക്കാര്‍ ലക്ഷ്യം



 പിന്നാക്കസമുദായങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള സാമൂഹിക സന്തുലനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വണികവൈശ്യസംഘത്തിന് സര്‍ക്കാരിന്റെ ഔദാര്യമല്ല വേണ്ടതെന്നും ലഭിക്കേണ്ട അവകാശങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള വണികവൈശ്യസംഘം 72-ാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിന്റെയും ആവശ്യങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 5, തിങ്കളാഴ്‌ച

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌



പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെപ്പോലെ ഉത്തമരായ ആചാര്യന്മാര്‍ സമൂഹത്തിന്‌ മാര്‍ഗ്ഗദര്‍ശകരായി വര്‍ത്തിക്കുന്ന മുതല്‍ക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ചരമകനക ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. 

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്-മുഖ്യമന്ത്രി


തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗീയത വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'ഇസ്‌ലാം സമാധാനത്തിന്' എന്ന പ്രമേയത്തില്‍ കേരള നജ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്ന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം വലിയപങ്ക് വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. തരംതാണ രാഷ്ട്രീയക്കളിയില്‍ നിന്ന് സമുദായനേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് ന്യൂനപക്ഷങ്ങള്‍ സ്വീകരിക്കേണ്ടത്. മതത്തിന്റെ പേരില്‍ പ്രാകൃതവിശ്വാസങ്ങളെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാസിസത്തെ തടയേണ്ടത് മതവികാരം ഇളക്കിവിട്ടുകൊണ്ടല്ലെന്ന് ഉദ്ഘാടനം സമ്മേളനം അഭിപ്രായപ്പെട്ടു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാനുള്ള വിധ്വംസക ശക്തികളുടെ നീക്കം തടയണം. അന്ധവിശ്വാസങ്ങളെ സിദ്ധാന്തവത്കരിക്കുന്ന സംഘടിത മതപൗരോഹിത്യത്തിനെതിരെ മൗനം പാലിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതല്ല. ജീവകാരുണ്യത്തിന്റെയും വികസനത്തിന്റെയും പേരില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്-സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും






ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും -മുഖ്യമന്ത്രി



കോഴിക്കോട്:സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കുന്നതിനെ അപരാധമായി കാണാന്‍ സാധ്യമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ടതുണ്ട്. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് -മുഖ്യമന്ത്രി പറഞ്ഞു.

ടി.കെ. പരീക്കുട്ടി ഹാജിക്കുള്ള അര്‍ജുന്‍സിങ് പുരസ്‌കാരം മന്ത്രി പി.കെ. അബ്ദുറബ് സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും മന്ത്രി മഞ്ഞളാംകുഴി അലി, മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.