UDF

2020, ഏപ്രിൽ 29, ബുധനാഴ്‌ച

ആദ്യം ധൂർത്ത് കുറയ്ക്ക്; എന്നിട്ട് കുത്തിന് പിടിച്ചു വാങ്ങാം


ചെലവു ചുരുക്കാനോ ധൂര്‍ത്ത് കുറയ്ക്കാനോ ആവശ്യമില്ലാത്ത തസ്തികകള്‍ നിര്‍ത്തലാക്കാനോ ശ്രമിക്കാതെ, ജീവനക്കാരുടെ ശമ്പളം കുത്തിനുപിടിച്ചു വാങ്ങുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്.

ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന സംഘടനാ നേതാക്കളെ അവഹേളിക്കുന്നവര്‍ കഴിഞ്ഞകാല സമരങ്ങളും സമരരീതികളും മറക്കരുത്. തങ്ങള്‍ നേതൃത്വം നല്കുന്ന സംഘടനകളിലെ ജീവനക്കാരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നേതാക്കളെ അവഹേളിക്കുമ്പോള്‍ അധികാരത്തേയും സംഘടനാബലത്തേയും ഭയപ്പെട്ട് ശബ്ദിക്കാന്‍ പോലും സാധിക്കാതെ ഭരണകക്ഷികളിലെ വലിയൊരു വിഭാഗം ജീവനക്കാരുണ്ട് എന്ന കാര്യവും മറക്കരുത്.

തിരിച്ചുനല്കുന്ന താത്ക്കാലിക വായ്പ എന്നു പ്രചരിപ്പിച്ച് ശമ്പളം പിടിക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചടവിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു..
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു തലയൂരാനും ജീവനക്കാരോട് വാശിതീര്‍ക്കാനുമുള്ള ഒരു നടപടിയായിട്ടേ സാലറി ചലഞ്ചിനെ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയൂ.

കോവിഡ് 19 മഹാമാരിക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ചുപോലും പോരാടുന്നവരാണ് ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍.
24 മണിക്കൂറും മഹാമാരിക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ലോക്ക്ഡൗണ്‍ വിജയിപ്പിക്കാന്‍ ഒരു മാസമായി അത്യധ്വാനം ചെയ്യുന്ന പോലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും ജീവനക്കാരും, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സുകാര്‍..
അങ്ങനെ നിസ്വാര്‍ഥ സേവനം നൽകുന്ന സാധാരണക്കാരായ ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മഹാമാരിക്കെതിരേ യുദ്ധം ചെയ്യുന്ന മുന്നണിപ്പോരാളികളുടെ മനോവീര്യമാണ്.

#Covid19