UDF

2018, ഡിസംബർ 13, വ്യാഴാഴ്‌ച

വനിതാ മതില്‍: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രം


നവോത്ഥാനത്തിന്റെ കപട മുദ്രാവാക്യങ്ങളുമായി ഇടത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ പോകുന്ന 'സ്ത്രീകളുടെ മതില്‍' ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മറ്റൊരു തന്ത്രമാണ്. ജര്‍മ്മന്‍ ജനതയെ ഭിന്നിപ്പിച്ച ബര്‍ലിന്‍ വന്‍ മതില്‍ തകര്‍ന്നതുപോലെയുള്ള സ്വാഭാവിക പരിണാമമായിരിക്കും ഈ മതിലിനും ഉണ്ടാകാന്‍ പോകുന്നത്.

സുപ്രീംകോടതി വിധി പരിശോധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോടനകള്‍ നടത്തി സമവായം ഉണ്ടാക്കാന്‍ യാതൊരു ശ്രമവും നടത്താതെ വിധി പകര്‍പ്പ് ലഭിക്കുന്നതിന് മുന്‍പ് അത് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി കാണിച്ച വ്യഗ്രത ദുരുദ്ദേശപൂര്‍ണ്ണമായിരുന്നു. പക്വതയോടെ ശബരിമല പ്രശ്‌നപരിഹാരത്തിന് പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു പകരം വര്‍ഗ്ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. ഭരണകക്ഷി തന്നെ സ്‌പോണ്‍സര്‍ ചെയ്ത 'ചില വനിതകളെ' കനത്ത പൊലീസ് സംരക്ഷണയില്‍ സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ കാണിച്ച വിവേക ശൂന്യമായ നടപടികളാണ് കലാപത്തിന് വഴിയൊരുക്കിയത്. ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും സമരത്തിന് കളമൊരുക്കിയ പിണറായി സര്‍ക്കാര്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കിയ വര്‍ഗ്ഗീയ ചേരിതിരിവിന് ചരിത്രം മാപ്പ് നല്‍കില്ല.

ചില സംഘടനങ്ങളുടെ യോഗത്തിന്‍ മറവില്‍ സ്ത്രീകളുടെ മതില്‍ സൃഷ്ടിക്കാനുള്ള പ്രഖ്യാപനം സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പ്രളയക്കെടുതില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് നാമമാത്രമായ സഹായം പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് മതിലിനായി ലക്ഷങ്ങള്‍ ചെലവിടാന്‍ പോകുന്നത്.

ജനങ്ങളുടെ ഇടയില്‍ മതിലുകള്‍ പൊളിച്ചും തകര്‍ത്തുമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം മുന്നേറിയതും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതും. കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് നശിപ്പിച്ച് ജനങ്ങളെ ഭിന്നചേരിയില്‍ ആക്കുവാനുള്ള നീക്കങ്ങളെ എല്ലാവരും യോജിച്ച് പരാജയപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നമുക്കു ഉയര്‍ത്തി പിടിക്കാം.