UDF

2018, മാർച്ച് 29, വ്യാഴാഴ്‌ച

വിധിയോട് പടപൊരുതി ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന അസ്‌നക്ക് അഭിനന്ദനങ്ങൾ

കണ്ണൂരില്‍ നിന്നുള്ള നമ്മുടെ അസ്‌ന ഡോക്ടറായിരിക്കുന്നു! കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മികവോടെ എംബിബിഎസ്‌ പാസായി. ഇനി ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സി കൂടിയുണ്ട് ‌. ഞാന്‍ അസ്‌നയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന്‌ ആശംസിച്ചു. അസ്‌ന എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്.

അസ്‌നയുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ? ജീവിതത്തോട്‌ അസ്‌ന പോരാടിയതുപോലെ നമ്മള്‍ പോരാടുമായിരുന്നോ?

18 വര്‍ഷംമുമ്പ്‌ കണ്ണൂരിലെ പൂവത്തൂരില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനിടയില്‍ ബിജെപിക്കാര്‍ വലിച്ചെറിഞ്ഞ ബോംബ്‌ പൊട്ടിയാണ്‌ അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്‌. പൂവത്തൂര്‍ എല്‍പി സൂകൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ന. അമ്മ ശാന്തമ്മയ്‌ക്കും അനുജന്‍ ആനന്ദിനും അന്നു സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയെ തലശേരിയിലും പിന്നീട്‌ കൊച്ചിയിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ മുട്ടിനു താഴെവച്ച്‌ മുറിച്ചുമാറ്റേണ്ടി വന്നു. ആറാം വയസില്‍ അസ്‌ന കൃത്രിമ കാലിലേക്ക്‌. സാധാരണഗതിയില്‍ ആരും തളര്‍ന്നുപോകുന്ന അവസ്ഥ.

പക്ഷേ, ജീവിതത്തോടു യുദ്ധം ചെയ്യാന്‍ തന്നെയായിരുന്നു അസ്‌നയുടെ തീരുമാനം. കൃത്രിമക്കാലും വച്ച്‌ പത്തിലും പന്ത്രണ്ടിലും മികച്ച വിജയം നേടി. 2013ല്‍ എംബിബിഎസിനു കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

അവിടെ മൂന്നാം നിലയിലായിരുന്നു അസ്‌നയുടെ ക്ലാസ്‌. പടി കയറി മൂന്നാം നിലയില്‍ എത്താന്‍ അസ്‌ന നന്നേ വിഷമിച്ചു. ക്ലാസ്‌ മുറി ഒന്നാം നിലയിലേക്കു മാറ്റാനുള്ള നീക്കം സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. അപ്പോഴാണ്‌ വിഷയം, മുഖ്യമന്ത്രിയാരുന്ന എന്റെ മുന്നിലെത്തിയത്‌. ഒരു പ്രായോഗിക തീരുമാനം ഉണ്ടാകണമായിരുന്നു.
തുടര്‍ന്നാണ്‌ മൂന്നാം നിലയിലേക്ക്‌ ഒരു ലിഫ്‌റ്റു വച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. പെട്ടെന്നു തന്നെ അതു പൂര്‍ത്തിയാക്കുകയും ചെയ്‌തു. അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസം സുഗമമായി.

അസ്‌നയുടെ കുടുംബത്തിന്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടു നിര്‍മിച്ചു നല്‌കുകയും നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‌കുകയും ചെയ്‌തിരുന്നു. അവരെല്ലാം പ്രെത്യേക അഭിനന്ദനങ്ങൾക്കു അർഹരാണ്.

അക്രമരാഷ്ട്രീയത്തിന്റെ നിരവധി ഇരകള്‍ കണ്ണൂരിലുണ്ടെന്ന്‌ അറിയാം. ജീവിതത്തോടു പോരാടാന്‍ അസ്‌ന അവര്‍ക്കു പ്രചോദനമാകട്ടെ.
ബോംബേറിയുന്നവരും വാള്‍ ഊരുന്നവരും അറിയുന്നുവോ ഇരകളുടെ വേദനകള്‍!