UDF

2015, മാർച്ച് 19, വ്യാഴാഴ്‌ച

പാര്‍ട്ടി വക്താക്കളുടെ കാര്യം സുധീരന്‍ തീരുമാനിക്കും


 പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരസ്യനിലപാടു സ്വീകരിക്കുന്ന കെപിസിസി വക്താക്കളെ എന്തു ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   

കെ.എം. മാണി മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്നു പറയുന്നതു പാര്‍ട്ടി നിലപാടല്ല. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് സുധീരനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും യുഡിഎഫ് ചെയര്‍മാനുമായ താനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വക്താവ് പന്തളം സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയതും മറ്റൊരു വക്താവ് അജയ് തറയില്‍ ചാനലില്‍ പറഞ്ഞതും പാര്‍ട്ടിയുടെ അഭിപ്രായമല്ല. കെ.എം. മാണി കുറ്റം ചെയ്തതായി തങ്ങള്‍ കരുതുന്നില്ല. 

ഇന്നുവരെ നടത്തിയ അന്വേഷണത്തിലും അതു തെളിഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങളില്‍ നിന്നു മനസിലാകുന്നത്. തെളിവു നല്‍കാന്‍ പോയവരെല്ലാം പുറത്തിറങ്ങി മാധ്യമങ്ങളോടു പറഞ്ഞതു ശരിയെങ്കില്‍ ഇക്കാര്യത്തില്‍ തെളിവില്ല.    ഈ വിഷയത്തില്‍ ആരെങ്കിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടുണ്ടോയെന്നു കെപിസിസി പ്രസിഡന്റ് പറയും. അങ്ങനെയുള്ള വക്താക്കളെ എന്തു ചെയ്യണമെന്നും അദ്ദേഹം തീരുമാനിക്കും. ബാര്‍ കേസിലെ കുറ്റപത്രം സംബന്ധിച്ചു കെ.എം. മാണി ചാനലുകളോടു പറഞ്ഞത് എന്തെന്നു തനിക്ക് അറിയില്ല. 

കേസില്‍ നിയമപരമായ നടപടികളാണു നടക്കുന്നത്. കുറ്റപത്രം നല്‍കിയാലും രാജി വയ്ക്കില്ലെന്ന മാണിയുടെ പ്രസ്താവനയെക്കുറിച്ചു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലാത്ത പ്രശ്‌നത്തിനു മറുപടി പറയണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയുടെ ഈ സമ്മേളനകാലത്തു ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനു, ക്യാമറ ഇല്ലായിരുന്നുവെങ്കില്‍ മറുപടി പറയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.