UDF

2015, മാർച്ച് 1, ഞായറാഴ്‌ച

വിഴിഞ്ഞം: മുഖ്യമന്ത്രി ചൊവ്വാഴ്ച മോദിയെ കാണും


വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭ്യമാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും ചര്‍ച്ച നടത്തും. മന്ത്രി കെ.ബാബുവും ചര്‍ച്ചയില്‍ പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കുന്നതില്‍ നിന്ന് അവസാനനിമിഷം കമ്പനികള്‍ പിന്‍മാറിയിരുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയെന്ന് ടെന്‍ഡറില്‍നിന്ന് പിന്മാറിയ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് എന്നപോലെ വിഴിഞ്ഞത്തിനും നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ച.

ഇന്ത്യയിലെ ഒരു തുറമുഖത്തില്‍നിന്ന് മറ്റൊരു തുറമുഖത്തേക്ക് വിദേശക്കപ്പലുകളെ ചരക്ക് കടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് മാറ്റിയാലേ തുറമുഖം ലാഭകരമായി നടത്താനാവൂ. മുമ്പ് ഇക്കാര്യം കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ചില്ല. ഈ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. ഇത് മാറ്റിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
കബോട്ടാഷ് നിയന്ത്രണം ഉള്ളതിന്റെ ഗുണം ഇപ്പോള്‍ ഫലത്തില്‍ കൊളംബോ തുറമുഖത്തിനാണ്. വിദേശ കപ്പലുകള്‍ അവിടെ അടുപ്പിച്ചിട്ട് അവിടെനിന്ന് ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ ചെയ്യുന്നത്.