UDF

2015, മാർച്ച് 12, വ്യാഴാഴ്‌ച

ബജറ്റ് അവതരണം കൃത്യമായി നടത്തും


 സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും നാളെ രാവിലെ കൃത്യം ഒന്‍പതിനു തന്നെ നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്രയും കാലം പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു പറയണമെങ്കില്‍ അതിനു പിന്നില്‍ എന്താണു കാര്യമെന്നു മുഖ്യമന്ത്രി മറുചോദ്യം  ഉന്നയിച്ചു.

ഇതുവരെ ഒരുപാട് സിഡികളും ശബ്ദരേഖയും പുറത്തുവന്നല്ലോ. ഒന്നിനും തുടര്‍നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്. ഡിജിപിക്കെതിരെ ചിലതൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ. എന്താണ് അതില്‍ ഉള്ളതെന്നു ചോദിച്ചിട്ടു പറയുന്നുമില്ല. ഇപ്പോള്‍ മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം വന്ന സാഹചര്യം കൂടി നോക്കണം. ഓരോരോ കാര്യങ്ങള്‍ കൊണ്ടുവന്ന് ഇതു സജീവമായി നിര്‍ത്താനാണു ചിലരുടെ ശ്രമം. കെ.എം. മാണിയില്‍ നിന്നു ശ്രദ്ധതിരിക്കാനല്ല, അദ്ദേഹത്തില്‍ ഫോക്കസ് ചെയ്തുകൊണ്ടു കൂടുതല്‍ പേരെ ആക്ഷേപിക്കാനാണു ശ്രമിക്കുന്നത്.

കെ.എം. മാണി ചില ഇളവുകള്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പുതിയ ആരോപണം.  അദ്ദേഹം എന്തെങ്കിലും ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ അതു മന്ത്രിസഭ തീരുമാനിച്ചു നല്‍കിയതാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫിനു വോട്ട് ചെയ്യുന്നതില്‍ അതിശയമുണ്ടോ. അവര്‍ യുഡിഎഫിനു പുറത്തായെങ്കില്‍ അത്  അവരുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.