UDF

2015, മാർച്ച് 17, ചൊവ്വാഴ്ച

സിനിമ അവാര്‍ഡ്തുക കൂട്ടും

രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു
കോട്ടയം: ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും. സാധാരണക്കാരന്റെ വിനോദോപാധിയാണ് സിനിമ. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍തീര്‍ത്ത കോട്ടയത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങിയത്. കോട്ടയത്ത് നടാടെ അരങ്ങേറിയ ചലച്ചിത്രോത്സവം പ്രതിനിധികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി. 1700 പ്രതിനിധികള്‍ നാലുദിവസമായി നടന്ന ഉല്‍സവത്തിനെത്തി.

കോട്ടയത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അരവിന്ദന്റേയും ജോണ്‍ ഏബ്രഹാമിന്റേയും സ്മരണകള്‍ക്ക് ആദരംഅര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. അരവിന്ദന്റെ 14-ാം ചരമവാര്‍ഷികദിനമായിരുന്നു ഞായറാഴ്ചയെന്നതും ആകസ്മികതയായി.

മലയാളചലച്ചിത്രലോകത്ത് വേറിട്ട സംവിധാനമികവിലൂടെ സ്വന്തം ഇടംനേടിയ കെ.ജി. ജോര്‍ജിന് ഈരംഗത്തെ ആജീവനാന്ത സേവനങ്ങള്‍ക്കുള്ള അംഗീകാരംനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു, പുരസ്‌കാരം സമ്മാനിച്ചു. സപ്തതിയിലെത്തിയ കെ.ജി.ജോര്‍ജ്, ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചാണ് ചടങ്ങിനെത്തിയത്. അംഗീകാരത്തിന് അദ്ദേഹം നന്ദി പറഞ്ഞു.