UDF

2013, ഡിസംബർ 15, ഞായറാഴ്‌ച

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം


കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ ഗൃഹനാഥന്‍ അഞ്ചല്‍ സ്വദേശി സുശീലന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നതുമൂലമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


12ന് രാത്രി ഒരുമണിയോടെയാണ് സുശീലന്‍, ഭാര്യ ശ്രീദേവി, മക്കള്‍ അതിന്‍ (14) , അതുല്‍ (12) എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസ്സായതിനാല്‍ അപേക്ഷ തിരുവനന്തപുരത്ത് കൊണ്ടുപോകുകയാണെന്നും ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നും സുശീലനെ മുഖ്യമന്ത്രി അറിയിച്ചു. 

ജനസമ്പര്‍ക്ക പരിപാടി പുലര്‍ച്ചെ രണ്ടുമണിയോടെ തീര്‍ന്നതിനുശേഷം മുഖ്യമന്ത്രി കൊച്ചിക്കു പോയി. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തി രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ശനിയാഴ്ച രാവിലെ കോട്ടയത്തിനു പോകുകയും ചെയ്തു. 

ഈ പാവപ്പെട്ട ദമ്പതിമാരുടെ മക്കള്‍ പേശീബലക്കുറവു മൂലം ഏറെ ദുരിതത്തിലാണ്. ധാരാളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, ചികിത്സാ സഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇവ പരിശോധിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോയിത്തല മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സൈമണ്‍ അലക്‌സ് എന്നിവരോടൊപ്പമാണ് സുശീലനും കുടുംബവും മുഖ്യമന്ത്രിയെ കണ്ടത്. 

ജനസമ്പര്‍ക്ക പരിപാടിയില്‍ നേരത്തേ അപേക്ഷ നല്‍കിയവരെയാണ് ആദ്യം പരിഗണിക്കുന്നത്. പുതിയ പരാതിക്കാരില്‍ നിന്ന് പരിപാടിക്കിടയ്ക്ക് അപേക്ഷ സ്വീകരിക്കും. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട്, മുഖ്യമന്ത്രിയുമായി സംസാരിച്ച് അപേക്ഷ സമര്‍പ്പിക്കണം എന്നുള്ളവരെ മറ്റുള്ളവരെ കണ്ടതിനുശേഷം ഏറ്റവും ഒടുവിലാണ് മുഖ്യമന്ത്രി കാണുന്നത്. സുശീലന്‍ ഉള്‍പ്പെടെയുള്ള പുതിയ അപേക്ഷകരെയെല്ലാം മുഖ്യമന്ത്രി നേരിട്ട് കാണുകയും ചെയ്തിരുന്നു-അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.