UDF

2019, ഡിസംബർ 23, തിങ്കളാഴ്‌ച

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം


ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധം പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുമ്പോള്‍, സമരം ചെയ്യുവര്‍ സമരം ചെയ്യട്ടെ, ഞങ്ങള്‍ ആ നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചതാണ്.

പൗരത്വഭേദഗതി നിയമം അടിയന്തരമായി പിന്‍വലിക്കാൻ സർക്കാർ തയ്യാറാകണം.

ഏകാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മംഗലാപുരത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടവും തുടര്‍നടപടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവര്‍ ഒരു നിയമവും ലംഘിച്ചതായി അധികൃതര്‍ പറയുന്നില്ല. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള അവര്‍ക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ.

ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു.

പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകും.

പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആ കടമ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.

വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പോലീസ് തേര്‍വാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു.

ബിജെപി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.

ഇന്ത്യാ വിഭജനകാലത്ത് മുസ്ലീം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ അതിന് കനത്ത വിലനൽകേണ്ടതായി വരും.