UDF

2018, ഏപ്രിൽ 18, ബുധനാഴ്‌ച

മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസില്‍, പ്രത്യേകപരാമർശം നേടിയ പാർവതി, ഛായാഗ്രഹണ മികവിന് അവാർഡ് നേടിയ നിഖിൽ എസ് പ്രവീൺ , മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ, മികച്ച പ്രാദേശികഭാഷാ ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, ടേക്ക് ഓഫ്എന്ന ചിത്രത്തിന്റെ നിർമാണരൂപകൽപനയ്ക്ക് പുരസ്കാരം നേടി സന്തോഷ് രാമൻ എന്നിവർക്ക് എന്റെ അഭിനന്ദനങ്ങൾ.

ദേശീയ അവാർഡിന് തന്നെ ബഹുമാനമേറ്റുന്നു ശ്രീ യേശുദാസിന് ലഭിച്ച പുരസ്കാരം. പ്രായത്തെ മറികടന്ന സംഗീതതപസ്യയ്ക്ക് എന്റെ പ്രണാമം!

മലയാളസിനിമയ്ക്ക് അന്തർദേശീയ പുരസ്കാരങ്ങൾ നേടിത്തന്നിട്ടുള്ള ശ്രീ ജയരാജ് ഒരിക്കൽക്കൂടി മികച്ച സംവിധായകനായിരിക്കുന്നു. മികച്ച അവലംബിത തിരക്കഥയ്ക്കും അദ്ദേഹത്തിന് തന്നെയാണ് പുരസ്കാരം. ജയരാജിനും എന്റെ സ്നേഹാഭിവാദ്യങ്ങൾ. ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു.

ഫീച്ചർ വിഭാഗത്തിലും അല്ലാതെയുമായി മറ്റുമേഖലകളിൽ അംഗീകാരം നേടിയ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച ടേക്ക് ഓഫ് എന്ന സിനിമ ഏറെ കാലികമായ ഒരു വിഷയമാണ് നമ്മോട് പറഞ്ഞത്. അന്തർദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച അംഗീകാരം നിലനിർത്തിയ ടേക്ക് ഓഫിന്റെ നിർമാതാവ്, സംവിധായകൻ മറ്റ് അണിയറപ്രവർത്തകർ എന്നിവരേയും ഞാൻ അഭിനന്ദനം അറിയിക്കുന്നു.

മലയാളസിനിമയുടെ ഉൾക്കരുത്തും വിഷയവൈവിധ്യവും തന്നെ അത്ഭുതപ്പെടുത്തി എന്ന ദേശീയജൂറി അധ്യക്ഷൻ ശേഖർ കപൂറിന്റെ നിരീക്ഷണം നമുക്കേവർക്കും അഭിമാനിക്കാൻ വക നൽകുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, മലയാളികളേവർക്കുമായി ലഭിച്ച വിഷുക്കൈനീട്ടമായി ഞാൻ കണക്കാക്കുന്നു. ഒരിക്കൽക്കൂടി, എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.