UDF

2017, ഏപ്രിൽ 23, ഞായറാഴ്‌ച

സിപിഎം – സിപിഐ തർക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ


തൊടുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ സിപിഎം–പോലീസ് ഭീകരതക്കും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സിപിഎം – സിപിഐ തർക്കം അവരുടെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. സർക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടുവാൻ പാടില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. സർക്കാരിനെതിരെ സ്വന്തം മുന്നണിയിൽ നിന്നാണ് ആരോപണങ്ങൾ ഉയരുന്നത്. സിപിഎമ്മും സിപിഐയും ജനതാൽപര്യം സംരക്ഷിക്കാനല്ല പ്രവർത്തിക്കുന്നത്. സങ്കുചിതമായ പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. എതിർ പാർട്ടിക്കാരുടെ പേരിൽ കള്ളക്കേസ് എടുത്തും, അടിച്ചമർത്തിയും ഭരിക്കാമെന്ന് കരുതിയാൽ സർ സിപി രാമസ്വാമി അയ്യരുടെ കാര്യം പിണറായി വിജയൻ ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി കനത്ത വില നൽകേണ്ടി വരും.

പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ കണ്ടു പിടിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും 11 മാസം കഴിഞ്ഞിട്ടും ഒരു റിപ്പോർട്ട് പോലും കൊടുക്കാൻ കഴിഞ്ഞില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് തിരുത്തി. കേരള ചരിത്രത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കും കിട്ടാത്ത അത്രയും വോട്ട് നേടി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ നെയ്യുകയാണ് സിപിഎം. പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ജനവികാരം അവഗണിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളമാകെ മലപ്പുറം ആവര്‍ത്തിച്ചുകൊണ്ട് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. പലവിധ അവകാശവാദങ്ങളുമായി അധികാരത്തിൽ വന്നവർക്ക് വിലക്കയറ്റം പോലും പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നാണ്‌ കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

കലാലയങ്ങളില്‍ ആകെ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലീസ് സംരക്ഷണത്തില്‍ വ്യാപകമായ കലാപം അഴിച്ചുവിടുകയാണ്. തൊടുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളും കള്ളക്കേസ് എടുക്കലും അവസാനിപ്പിക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.