UDF

2020, മേയ് 6, ബുധനാഴ്‌ച

പ്രവാസി ടിക്കറ്റിന് എംബസികളിലെ ഫണ്ട് വിനിയോഗിക്കണം


ജോലിയും കൂലിയും നഷ്ടപ്പെട്ട അനേകം പ്രവാസികള്‍ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തീർത്തും മനുഷ്യത്വരഹിതമാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമ ഫണ്ടും ഇതിനായി വിനിയോഗിക്കണം. പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് എംബസികള്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന തുക ക്ഷേമഫണ്ടിലുണ്ട്. വിവിധ ഇന്ത്യന്‍ എംബസികളില്‍ ഇപ്രകാരം സമാഹരിച്ച തുക ചെലവഴിക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്കാനായി അതു വിനിയോഗിക്കാം.

ചുരുങ്ങിയ സമയംകൊണ്ട് അന്യസംസ്ഥാനങ്ങളിലുള്ള മുഴുവന്‍ മലയാളികളേയും കൊണ്ടുവരണമെങ്കില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ലഭ്യമാക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാസ്സ് വാങ്ങി വാഹനങ്ങള്‍ വാടകയ്ക്കു എടുത്തു വരുവാന്‍ ഒരുപാട് പേര്‍ക്ക് സാധിക്കില്ല. പ്രായമായവര്‍ക്കും രോഗികള്‍ക്കും ദീര്‍ഘ ദൂരം റോഡ് യാത്ര സുരക്ഷിതമല്ല.

ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ചെന്നൈ, ബംഗളൂരൂ, ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.