UDF

2020, ഏപ്രിൽ 4, ശനിയാഴ്‌ച

സാലറി ചലഞ്ചിൽ ഉദ്യോഗസ്ഥരെക്കൂടി സർക്കാർ വിശ്വാസത്തിലെടുക്കണം


സാലറി ചലഞ്ചിൽ ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് തകർന്ന സാമ്പത്തിക സ്ഥിതിയിൽ നിന്നും കരകയറാൻ സർക്കാർ ജീവനക്കാരുടെ സഹകരണം തേടുന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണ്. എല്ലാപേരും അതിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ ഏകപക്ഷീയമായി ജീവനക്കാരിൽ നിന്നും ശമ്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാർജ്ജിച്ചു വേണം സാലറി ചലഞ്ച് നടപ്പിലാക്കേണ്ടത്.

രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിൽ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗംപേരും. എന്നാൽ ഇന്ന് സംസ്ഥാനവും സർക്കാരും നേരിടുന്ന അനിതരസാധാരണ സാഹചര്യത്തിൽ എല്ലാപേരുടെയും ഏകമനസ്സോടെയുള്ള സഹവർത്തിത്വം അത്യന്താപേക്ഷിതമാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവർത്തകരെയും ലോക് ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കർമ്മനിരതരായ പോലീസ് ഉദ്യോഗസ്ഥരെയും, ഫയർ ആൻറ് റെസ്ക്യു സർവീസ് ഉദ്യോഗസ്ഥരെയും ഡിസാസ്റ്റർ മാനേജ്മെൻറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരേയും ലാസ്റ്റ് ഗ്രേഡ്, ദിവസ വേതന ജീവനക്കാരേയും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രി പരിഗണിക്കണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവരുടെ സേവനങ്ങൾ അഭിനന്ദനീയമാണെന്ന് നമുക്കെല്ലാം ബോധ്യമുള്ളതിനാൽ സംഭാവനയേക്കാൾ മഹത്തരമാണ് അവരുടെ സേവനങ്ങൾ എന്ന സന്ദേശമാണ് ഇന്ന് നമുക്ക് അവർക്കായി നൽകാനുള്ള ആദരവും അംഗീകാരവും.

#Covid19India
#IndiaFightsCorona
#WarAgainstVirus
1 April 2020